കയര്‍ ബോര്‍ഡ് 2006-07 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ എ.സി.ജോസ് വെളിപ്പെടുത്തിയതാണിക്കാര്യം. ഇതൊരു സര്‍വകാല റെക്കോഡാണെന്നും അദ്ദേഹം പറഞ്ഞു.
2006-07 സാമ്പത്തിക വര്‍ഷത്തില്‍ 1,68,755 ടണ്‍ കയറുത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. കയറ്റുമതി വഴി ലഭിച്ച വരുമാനമാകട്ടെ 605.17 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ലക്ഷ്യമിട്ടിരുന്ന കയറ്റുമതിയായ 572 കോടിയെക്കാള്‍ ആറു ശതമാനം കൂടുതലാണിതെന്നും ജോസ് പറഞ്ഞു.
അതേ സമയം 2005-06 സാമ്പത്തിക വര്‍ഷത്തില്‍ 1,36,026 ടണ്‍ കയറുത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 508.44 കോടി രൂപയായിരുന്നു നേടിയിരുന്നത്.
2006-07 ല്‍ മൊത്തം കയറ്റുമതിയുടെ 37 ശതമാനവും അമേരിക്കയിലേക്കായിരുന്നു. 41 ശതമാനം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ബാക്കി 22 ശതമാനം മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തതായി ജോസ് കൂട്ടിച്ചേര്‍ത്തു.