ഐഎന്‍ജി കരാറിനായി മത്സരം

WEBDUNIA| Last Modified ബുധന്‍, 12 സെപ്‌റ്റംബര്‍ 2007 (12:20 IST)

ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ് എന്നീ മേഖലകളില്‍ പ്രസിദ്ധമായ ഡച്ച ബാങ്ക് ഐ.എന്‍.ജിയുടെ ഐ.റ്റി കരാര്‍ ലഭിക്കാനായി ഇന്ത്യയിലെ മികച്ച ഐ.റ്റി കമ്പനികള്‍ തമ്മില്‍ മത്സരം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏകദേശം 125 മില്യന്‍ ഡോളര്‍ വരുന്നതാവും ഈ ഐ.റ്റി പുറം ജോലി കരാര്‍. ഇന്‍ഫോസിസ് ടെക്നോളജീസ് ഈ കരാറിനായി ഇപ്പോള്‍ തന്നെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്. ഇന്‍ഫോസിസിനു പിന്നാലെ ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസും സത്യം കമ്പ്യൂട്ടേഴ്സും കരാര്‍ ലഭിക്കാനായി ശ്രമിക്കുന്നുണ്ട്..

ഇന്ത്യന്‍ കമ്പനികളെ കൂടാതെ യൂറോപ്യന്‍ ഐ.റ്റി കമ്പനികളായ കാപ്‌ജമിനി, ലോജിക സി.എം.ജി., അറ്റോസ് ഒറിജിന്‍ തുടങ്ങിയ കമ്പനികളും ഈ കരാര്‍ ലഭിക്കാനുള്ള ശ്രമത്തിലാണ്.

ഈ കരാര്‍ ഏറ്റെടുത്താല്‍ നടപ്പാക്കാനായി കുറഞ്ഞത് 1,000 ജീവനക്കാരെങ്കിലും വേണമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള എന്‍.ഐ.ഐ.റ്റി ഈ കരാറിനു വേണ്ടി തുടക്കത്തില്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്‍‌മാറിയതായാണ് സൂചനകള്‍. ഏകദേശം 4,500 ജീവനക്കാരാണ് ഇവര്‍ക്കുള്ളത്.

ഈ വമ്പന്‍ കരാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ കമ്പനികള്‍ നേടുന്ന വലിയ നേട്ടം ആയിരിക്കും.

രണ്ട് ബില്യന്‍ ഡോളറിന്‍റെ എ.ബി.എന്‍ അമ്രോ കരാര്‍ ഐ.ബി.എം., ടി.സി.എസ്, ഇന്‍ഫോസിസ്, പറ്റ്‌നി എന്നീ കമ്പനികള്‍ വഴിയാണ് ഫലപ്രദമായി നടപ്പാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :