സെറീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകും

പാ‍രീസ്| WEBDUNIA|
നീണ്ട പതിനൊന്നാഴ്ച്ചക്കാലം ഡബ്ലിയുടി‌എ റാങ്കിംഗില്‍ ഒന്നാം സ്ഥാനം അലങ്കരിച്ച അമേരിക്കന്‍ താരം സെറീന വില്യംസിന് ആ സ്ഥാനം നഷ്ടപ്പെടുന്നു. നിലവില്‍ രണ്ടാം സ്ഥാനക്കാരിയായ റഷ്യയുടെ ദിനാര സഫീനയാണ് സെറീനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുക. എപ്രില്‍ ഇരുപതിന് പുറത്തിറക്കുന്ന അടുത്ത ഡബ്ലിയുടി‌എ റാങ്കിംഗിലാണ് മാറ്റമുണ്ടാകുക.

ആന്‍ഡലൂസിയ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ചെക് റിപ്പബ്ലിക്കിന്‍റെ ക്ലാര സകോപൊളൊവയോട് പരാജയം സമ്മതിക്കേണ്ടിവന്നതാണ് സെറീനയുടെ ഒന്നാം സ്ഥാനം നഷ്ടമാക്കിയത്. പരുക്ക് പൂര്‍ണ്ണമായും ഭേദമാകാതെ ഇറങ്ങിയ സെറീനയെ തൊണ്ണൂറ്റിയഞ്ചാം റാങ്കുകാരിയായ ക്ലാ‍ര അനയാസമായി കീഴടക്കുകയായിരുന്നു (6-4, 3-6, 6-1).

കഴിഞ്ഞ ആഴ്ച മിയാമി ടെന്നീസിന്‍റെ കലാശക്കളിയില്‍ ബെലാറസിന്‍റെ വിക്ടോറിയ അസരങ്കയോടും സെറീന അടിയറവ് പറഞ്ഞിരുന്നു. അന്നും പരുക്കായിരുന്നു സെറീനയ്ക്ക് വിനയായത്.

ദിനാര സഫീനയുടെ സഹോദരന്‍ മരറ്റ് സഫിനും നേരത്തെ ലോക ഒന്നാം നമ്പര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. രണ്ടായിരത്തിലായിരുന്നു മരറ്റ് ഒന്നാം റാങ്കിലെത്തിയത്. ടെന്നീസ് ലോകത്ത് ഇരുവിഭാഗങ്ങളിലും ഒന്നാം റാങ്ക് അലങ്കരിക്കുന്ന ആദ്യ സഹോദരങ്ങളാണിവര്‍.

ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം പോലും ഇരുപത്തിരണ്ടുകാരിയായ സഫീന ഇതുവരെ നേടിയിട്ടില്ല. ലോക ഒന്നാം നമ്പരിലെത്തുന്ന പത്തൊമ്പതാമത്തെ താരമാണ് പ്രകടന മികവ് കൊണ്ടു ശ്രദ്ധേയയായ ഈ റഷ്യന്‍ താരം.

കഴിഞ്ഞ കൊല്ലം നാല് ഡബ്ലിയുടി‌എ സിംഗിള്‍സ് കിരീടങ്ങള്‍ സഫീന നേടിയിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണിലും റോണാള്‍ഡ് ഗരോസിലും ഉള്‍പ്പെടെ അഞ്ച് ടൂര്‍ണ്ണമെന്‍റുകളില്‍ റണ്ണറപ്പായും ഇവര്‍ ഫിനീഷ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :