സാനിയയെ ‘കൈവച്ച’ പാക് ആരാധകര്‍!

ലാഹോര്‍| WEBDUNIA|
PRO
വിവാഹശേഷം ആദ്യമായി പാക്കിസ്ഥാന്‍ മണ്ണിലെത്തിയ ഇന്ത്യന്‍ ടെന്നീസ് താരം മിര്‍സയെ പാകിസ്ഥാന്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ കൈവച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലെത്തിയ സാനിയയ്ക്കും ഷൊയൈബിനുമാണ് ആരാധക ആവേശം വിനയായത്. ആരാധകരുടെ ഉന്തും തള്ളും കാരണം സാനിയ ഒരുഘട്ടത്തില്‍ പൊട്ടിക്കരഞ്ഞു. സാനിയയുടെ ശരീരത്തിലെ പലയിടങ്ങളിലും ആരാധകരുടെ കൈ പതിഞ്ഞതായിട്ടാണ് വിവരം. ഇതിനിടെ സാനിയയെ അനുഗമിക്കുന്ന അമ്മ നസീമയ്ക്ക് ആരാധകരുടെ വക ഇടിയും കിട്ടി.

ഹോട്ടലിലെത്തിയപ്പോഴാണ് ആരാധകരുടെ വക സമ്മാനം കിട്ടിയത്. ഹോട്ടല്‍ ലോബിയില്‍ തിങ്ങി നിറഞ്ഞ ആരാധകരുടെ ഉന്തും തള്ളും അസഹനീയമായപ്പോള്‍ ഷൊയൈബ് അസ്വസ്ഥനായി. സാനിയയുടെ കണ്ണു നിറഞ്ഞു. ഹോട്ടലിലെ ഇടനാഴി പോലും ആരാധകരെ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഒരുഘട്ടത്തില്‍ ആരാധകരുടെ തള്ളലില്‍ നിലത്ത് വീഴാന്‍ പോയ സാനിയയെ ഷൊയൈബ് കൈകള്‍ കൊണ്ട് താങ്ങി രക്ഷപ്പെടുത്തുകയായിരുന്നു..

ഈ സംഭവത്തോടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയ സാനിയ അമ്മയുടെ ചുമലില്‍ തലചായ്ച്ചാണ് നടന്നത്. ഇതിനിടെ സാനിയയുടെ അമ്മയ്ക്കും കിട്ടി ആരാധകരുടെ വക തലോടല്‍. ഒടുവില്‍ ഹോട്ടല്‍ സ്യൂട്ടിലെത്തിയപ്പോഴാണ് എല്ലാ‍വര്‍ക്കും ശ്വാസം നേരെ വീണത്. സംഭവം നാണക്കേടായതോടെ എല്ലാം ആരാധകരുടെ ചുമലില്‍ ചാരി രക്ഷപ്പെടനാണ് ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചത്. സാനിയയെയും ഷൊയൈബിനെയും സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നെന്നും എന്നാല്‍ ആരാധകര്‍ അനിയന്ത്രിതമായി തള്ളിക്കയറിയതാണ് വിനയാതെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

അല്ലാമ ഇഖ്‌ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ സാനിയയെയും ഷൊയൈബിനെയും കണ്ടതോടെ രാജ്യാന്തര ടെര്‍മിനലിനുള്ളിലെ ജീവനക്കാരാണ്‌ ആവേശം പ്രകടിപ്പിക്കാന്‍ ആദ്യം ഓടിയെത്തിയത്. പിന്നീട് മാധ്യമങ്ങളെയും ആരാധകരെയും ഒഴിവാക്കാനായി ഹജ്ജ് ടെര്‍മിനലിലൂടെ പുറത്ത് കടന്നു. എന്നാല്‍ സാനിയയെയും ഷൊയൈബിനെയും പ്രതീക്ഷിച്ച് പ്രധാന ടെര്‍മിനലിനു പുറത്ത് കാത്തു നിന്ന ആരാധകര്‍ ഇതില്‍ രോഷം പ്രകടിപ്പിച്ചു.

പിന്നീട് റോഡ് മാര്‍ഗം സാനിയയും ഷൊയൈബും താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോഴാണ് ആരാധക ആവേശം അതിരു കടന്നത്. ഇരുവരും കടന്നു പോകുന്ന വഴിയരികിലെല്ലാം നൂറുകണക്കിന് ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയൊടെയാണ് സാനിയയും ഷൊയൈബും പാകിസ്ഥാനില്‍ വിമാനമിറങ്ങിയത്. ശനിയാഴ്ച ഹോട്ടലില്‍ തങ്ങുന്ന ഇരുവരും നാളെ ഷൊയൈബിന്‍റെ ജന്‍‌മനഗരമായ സിയാല്‍കോട്ടില്‍ ഒരുക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കും. ഇതിനുശേഷം ഷൊയൈബിന്‍റെ വീട്ടിലേക്ക് പോവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :