സാനിയയും ബാം‌പ്രിയും പുറത്ത്

മിയാമി| WEBDUNIA|
മിയാമി ടെന്നീസ് ടൂര്‍ണമെന്‍റ് സിംഗിള്‍സില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ സാനിയമിര്‍സയും യുകി ബാം‌പ്രിയും ആദ്യ റൌണ്ടില്‍ പുറത്തായി. ഫ്രാന്‍സിന്‍റെ മാത്തില്‍ഡേ ജൊഹാന്‍സണ്‍ ആണ് സാനിയയെ പരാജയപ്പെടുത്തിയത്( 6-1, 6-7, 6-7).

വൈല്‍ഡ് കാര്‍ഡ് എന്‍‌ട്രി വഴി ടൂര്‍ണ്ണമെന്‍റിലെത്തിയ സാനിയ ആദ്യാവസാനം പൊരുതി നിന്നെങ്കിലും ഭാഗ്യം മിത്താല്‍ഡെയ്ക്കൊപ്പമായിരുന്നു. ആദ്യ സെറ്റില്‍ 6-1ന് ഫ്രഞ്ച് താരത്തെ തകര്‍ത്ത സാനിയ പക്ഷേ രണ്ടാം സെറ്റിലെ ടൈബ്രേക്കറില്‍ അടിയറവ് പറഞ്ഞു.

മൂന്നാം സെറ്റിലും മത്സരം ടൈബ്രേക്കറിലേക്ക് തന്നെ നീങ്ങി. ഏറെ പൊരുതിയെങ്കിലും ടൈബ്രേക്കര്‍ ഗെയിം സാനിയയ്ക്ക് നഷ്ടമാകുകയായിരുന്നു. ലോക അറുപത്തിയഞ്ചാം നമ്പര്‍ താരമാണ് മിത്താല്‍ഡേ. ഈ മാസമാദ്യം ഇന്ത്യന്‍ വെല്‍‌സ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും സാനിയ ആദ്യ റൌണ്ടില്‍ പുറത്തായിരുന്നു.

അര്‍ജന്‍റീനിയന്‍ താരവും ലോക എഴുപത്തിമൂന്നാം റാങ്കുകാരനുമായ ഡീഗോ ജുംക്വീരയോടാണ് യുകി പരാജയപ്പെട്ടത് (4-6, 3-6). ഒരു മണിക്കൂറും 22 മിനുട്ടും നീണ്ട പോരാട്ടത്തിലായിരുന്നു ഡീഗോ, യുകിയെ കീഴടക്കിയത്.

ചൈനീസ് തായ്പേയിയുടെ ചിയ യംഗ് ചുവാങുമൊത്ത് ഡബിള്‍സിലും സാനിയ മത്സരിക്കുന്നുണ്ട്. ചെക് ജോഡിയായ ഇവേറ്റ ബെനസോവ- ബാര്‍ബൊറ സ്ട്രിക്കോവ സഖ്യത്തോടാണ് ഇവര്‍ ആദ്യറൌണ്ടില്‍ ഏറ്റുമുട്ടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :