വെടിനിര്‍ത്തല്‍ അവസാനിച്ചു; ഹോക്കി താരങ്ങള്‍ വീണ്ടും സമരത്തിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ശമ്പള തര്‍ക്കത്തെച്ചൊല്ലി ദേശീയ ഹോക്കി താരങ്ങള്‍ വീണ്ടും സമരമുഖത്തേക്ക്. കഴിഞ്ഞ ദിവസം കളിക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗികരിക്കുന്നതുവരെ ലോകകപ്പിനുള്ള പരിശീലന ക്യാമ്പിലെത്തില്ലെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ രാജ്‌പാല്‍ സിംഗ് അറിയിച്ചു.

എന്നാല്‍ കളിക്കാര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഹോക്കി ഇന്ത്യയും രംഗത്തുവന്നതോടെ അടുത്തമാസം നടക്കുന്ന ലോകകപ്പില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ വെള്ളത്തിലായി. കളിക്കാര്‍ ഫെഡറേഷനെ ബ്ലാക്‍മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ഹോക്കി ഇന്ത്യ ട്രഷറര്‍ നരീന്ദര്‍ ബത്ര പറഞ്ഞു. കഴിഞ്ഞ ദിവസം താരങ്ങളുമായി ഒത്തുതീര്‍പ്പിലെത്തിയിരുന്നുവെന്നും കളിക്കാര്‍ ഏകപക്ഷീയമായി ഒത്തുതീര്‍പ്പ് ധാരണ ലംഘിക്കുകയായിരുന്നുവെന്നും ബത്ര പറഞ്ഞു.

ശമ്പളം ആവശ്യപ്പെട്ട് ഒരു രാജ്യത്തെ മുഴുവന്‍ നാണക്കേടിലാക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ബത്ര പറഞ്ഞു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാലുടന്‍ കളിക്കാര്‍ ക്യാമ്പിലെത്തുമെന്നും കളിക്കാരുടെ ശാരീരികക്ഷമതയെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ആരാധകര്‍ ആശങ്കപ്പെടേണ്ടെന്നും രാജ്‌പാല്‍ സിംഗ് പറഞ്ഞു.

അടുത്തിടെ അര്‍ജന്‍റീനയില്‍ നടന്ന ചാമ്പ്യന്‍സ് ചലഞ്ച് ഹോക്കി ടൂര്‍ണമെന്‍റിന്‍റെ മാച്ച് ഫീസ് ഇതുവരെയും നല്‍കാത്തതിന്‍റെ പേരിലാണ് താരങ്ങള്‍ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് കഴിഞ്ഞ ദിവസം ബഹിഷ്കരിച്ചത്.

മുന്‍‌കാലങ്ങളില്‍ മത്സരത്തിനു മുന്‍പേ മാച്ച് ഫീസ് നല്‍കിയിരുന്നെങ്കിലും ചാമ്പ്യന്‍സ് ചലഞ്ച് ഹോക്കി ടുര്‍ണമെന്‍റ് കഴിഞ്ഞ് മാസമൊന്നായിട്ടും മാച്ച് ഫീസ് നല്‍കാന്‍ ഫെഡറേഷന്‍ തയ്യാറായില്ലെന്നായിരുന്നു കളിക്കാരുടെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :