ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിംഗിന് ഒളിമ്പിക്സ് യോഗ്യത. തുടരെ മൂന്ന് ഒളിമ്പിക്‌സുകള്‍ക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സര്‍ എന്ന ബഹുമതിയാണ് വിജേന്ദര്‍ സ്വന്തമാക്കിയത്. അസ്താനയില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ ടൂര്‍ണമെന്‍റില്‍ 75 കിലോ വിഭാഗത്തില്‍ സെമിഫൈനലില്‍ കടന്നതോടെയാണ് വിജേന്ദര്‍ യോഗ്യത ഉറപ്പിച്ചത്.
മംഗോളിയയുടെ ചുല്ലുന്‍തുമുര്‍ തുമുര്‍ഖുയാഗിനെയാണ് ക്വാര്‍ട്ടഫൈനലില്‍ വിജേന്ദര്‍ പരാജയപ്പെടുത്തിയത്(27-17). ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ വട്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിജേന്ദറിന് യോഗ്യതാ ടൂര്‍ണമെന്‍റില്‍ പോരാടേണ്ടി വന്നത്.
ബെയ്ജിംഗിലെ 2008 ഒളിമ്പിക്‌സില്‍ വിജേന്ദര്‍ വെങ്കലം നേടിയിരുന്നു. 2004-ലെ ആതന്‍സ് ഒളിമ്പിക്‌സിലും വിജേന്ദര്‍ മത്സരിച്ചിരുന്നു. ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ ഏക ഇന്ത്യക്കാരനാണ് വിജേന്ദര്‍. ചൈനയിലെ ഗുവാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വിജേന്ദറിനായിരുന്നു.