ലോകകപ്പ് ചടങ്ങില്‍ മാധ്യമപ്രതിഷേധം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (20:13 IST)
PRO
ഹോക്കി ലോകകപ്പിന്‍റെ പ്രചാരണത്തിനായി സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രതിഷേധം. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു.

ലോകകപ്പ് ടൂര്‍ണ്ണമെന്‍റിന്‍റെ പങ്കാളികളും ഇന്ത്യന്‍ ടീമും ഒന്നിച്ചുള്ള പ്രചാരണ ചടങ്ങാണ് അപ്രതീക്ഷിത മാധ്യമപ്രതിഷേധത്തിന് വേദിയായത്. ഫെഡറേഷന്‍റെ നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിച്ചത്. ഫെഡറേഷന്‍ വക്താവ് അര്‍ജെന്‍ മീജെര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ടീമുകള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ പോലും പത്രപ്രവര്‍ത്തകരെ കടത്തിവിടുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാമെന്നും താന്‍ മാധ്യമങ്ങളുടെ പക്ഷത്താണെന്നും മീജെര്‍ പറഞ്ഞുനോക്കിയെങ്കിലും പത്രപ്രവര്‍ത്തകര്‍ ചെവിക്കൊണ്ടില്ല.

ഞായറാഴ്ചയാണ് ടുര്‍ണ്ണമെന്‍റ് ഡല്‍ഹിയില്‍ ആരംഭിക്കുക. മാധ്യമങ്ങളുടെ പ്രതിഷേധം ടൂര്‍ണ്ണമെന്‍റിന്‍റെ നിറം കെടുത്തുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :