ലക്‍ഷ്യം ഒന്നാം റാങ്കല്ല വിജയം മാത്രം: നദാല്‍

വാഷിംഗ്ടണ്‍| WEBDUNIA|
റോജര്‍ ഫെഡറര്‍ തട്ടിയെടുത്ത ഒന്നാം റാങ്ക് തിരിച്ചുപിടിക്കുകയല്ല തന്‍റെ ല‌ക്‍ഷ്യമെന്ന് റാഫേല്‍ നദാല്‍. ടൂര്‍ണ്ണമെന്‍റുകളില്‍ വിജയിക്കുന്നതിനാണ് താന്‍ പ്രധാന്യം നല്‍കുന്നതെന്നും സ്പെയ്ന്‍ താരമായ നദാല്‍ കൂട്ടിച്ചേര്‍ത്തു.

ഒന്നാം റാങ്കായാലും അഞ്ചാം റാങ്കായാലും മികച്ച കളി പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ഒരോ കളിയിലും പങ്കെടുക്കുന്നതും പ്രകടനം മെച്ചപ്പെടുത്തുന്നതുമാണ് തനിക്ക് സന്തോഷം നല്‍കുന്നതെന്നും നദാല്‍ പറഞ്ഞു. യുഎസ് ഓപ്പണിന് മുന്നോടിയായി ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നദാല്‍.

സന്തോഷത്തോടെ കളിക്കുക എന്നതാണ് പ്രധാനമെന്നും അല്ലെങ്കില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകില്ലെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തോളം ഒന്നാം റാങ്കില്‍ തുടരാനായതില്‍ സംതൃപ്തി നല്‍കുന്നുണ്ടെന്നും നദാല്‍ പറഞ്ഞു.

കാല്‍മുട്ടിലേറ്റ പരുക്ക് മൂലം രണ്ട് മാസത്തോളം നദാല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈ സമയത്താണ് നദാലിനെ പിന്തള്ളി ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയത്. നദാലിന് ഇതുവരെ നേടാന്‍ കഴിയാത്ത ഒരു ഗ്രാന്‍ഡ് സ്ലാമാണ് യു‌എസ് ഓപ്പണ്‍. തിങ്കളാഴ്ച ഇക്കൊല്ലത്തെ ടൂര്‍ണ്ണമെന്‍റ് ആരംഭിക്കും. നദാല്‍ ഇതുവരെ ഫിറ്റ്നസ് പൂര്‍ണ്ണമായി വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരുക്കിനെ തുടര്‍ന്ന്‌ വിംബിള്‍ഡണ്‍ ടൂര്‍ണ്ണമെന്‍റിന് മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ നദാല്‍ ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പിന്‍‌മാറിയിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്‍റെ നാലാം റൌണ്ടില്‍ നദാല്‍ പുറത്താകുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :