ഐറിഷ് നായകന് റോബി കീനെ വലയിലാക്കാന്‍ വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്സും. റോബി കീനെ ലഭിക്കാന്‍ ശ്രമമാരംഭിച്ചെന്ന് വോള്‍വ്സ് മാനേജര്‍ മിക് മെക്കാര്‍ത്തി പറഞ്ഞു. ടോട്ടനം ഹോട്സ്പര്‍ താരമായ കീനുമായി കരാര്‍ ഒപ്പിടാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് അദ്ദേഹം അറിയിച്ചു .
കീനിനെ വില്ക്കാന് തങ്ങള്‍ ഒരുക്കമാണെന്ന് ടോട്ടനം കഴിഞ്ഞ മാസം പ്രഖ്യാപിച്ചതോടെ വോള്‍വ്സ് അടക്കം നിരവധി ക്ലബുകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ കീന്‍ വോള്‍വ്സിലേക്ക് ചേക്കാറാനാണ് കൂടുതല്‍ സാധ്യത തെളിയുന്നത്. വോള്‍വ്സിന്റെ കളിക്കാരനായാണ് പ്രീമിയര്‍ലീഗില്‍ കീന്‍ അരങ്ങേറിയത്. മാത്രവുമല്ല വോള്‍വ്സ് മാനേജരായ മെക്കാര്‍ത്തിയുടെ കീഴിലാണ് കീന്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം കളിച്ചതും. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കീന്‍ വോള്വസിലേക്കെത്താനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
അമ്പത് ലക്ഷം പൗണ്ടാണ് ടോട്ടനം കീനിനുവേണ്ടി ആവശ്യപ്പെടുന്ന തുക. പ്രീമിയര്‍ ലീഗില്‍ വാലറ്റത്ത് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന വോള്‍വ്സിന് കീനിനെ വാങ്ങാന്‍ ഇത്രയും വലിയ തുക നല്‍കാനാകുമോയെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്.