യു എസ് ഓപ്പണ്‍ യോഗ്യത: സോംദേവിന് ജയം

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2009 (15:46 IST)
PRO
യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ് യോഗ്യതാ മത്സരത്തിന്‍റെ ആദ്യ റൌണ്ടില്‍ ഇന്ത്യയുടെ സോം‌ദേവ് ദേവ്‌വര്‍മന് ജയം. അമേരിക്കന്‍ താരം അലക്സ് ബൊഗൊമൊലോവ് ജൂനിയറിനെ നേരിട്ടുള്ള സെറ്റുകളിലാണ് (6-3,6-3) സോംദേവ് മറികടന്നത്. ഡച്ച് താരം ഇഗോര്‍ സിഗ്സ്ലിംഗ് ആണ് സോംദേവിന്‍റെ അടുത്ത റൌണ്ടിലെ എതിരാളി.

എന്നാല്‍ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പ്രകാശ് അമൃത്‌രാജ് ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ടു. കൊളംബിയന്‍ താരം അലേജാന്‍ഡ്രൊ ഫല്ലയോട് ഒന്നിനെതിര രണ്ട് സെറ്റുകളിലാണ് (6-7 (5), 6-4, 3-6) അമൃത്‌രാജ് അടിയറവ് പറഞ്ഞത്.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് 161 ആം റാങ്കുകാരനായ സോംദേവ് 133 ആം റാങ്കുകാരനായ ബോഗൊമൊലോവ് ജൂനിയറിനെ മറികടക്കുന്നത്. കഴിഞ്ഞ മാസം അവസാനം ലോസായ്ഞ്ചല്‍‌സ് ഓപ്പണിലും സോം‌ദേവ് ബോഗൊമൊലോവിനെ തോല്‍പ്പിച്ചിരുന്നു.

ഇതുവരെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ നേടിയിട്ടില്ലാത്ത സോംദേവ് ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ യോഗ്യതാ റൌണ്ടില്‍ രണ്ടാം റൌണ്ടിലും വിംബിള്‍ഡണിന്‍റെ ഒന്നാം റൌണ്ടിലും ഫ്രഞ്ച് ഓപ്പണിന്‍റെ മൂന്നാം റൌണ്ടിലും പുറത്തായിരുന്നു. ലോക റാങ്കിംഗില്‍ 305 ആം സ്ഥാനത്താണ് സോംദേവിന്‍റെ അടുത്ത റൌണ്ടിലെ എതിരാളിയായ ഇഗോര്‍ സിഗ്സ്ലിംഗ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :