മാന്ത്രികക്കാലുള്ള മെസ്സി!

WEBDUNIA| Last Modified ചൊവ്വ, 8 ജനുവരി 2013 (03:14 IST)
PRO
PRO
മാന്ത്രികക്കാലുള്ള മെസ്സി, നീ വീണ്ടും ഞങ്ങളെ വിസ്മയിപ്പിക്കുകയാണ്. ബാലണ്‍ ഡി ഓര്‍ അഥവാ ലോകഫുട്ബോളര്‍ ബഹുമതിയിലും മെസ്സി പതിവ് വിനയത്തിലാണ്. ഈ ബഹുമതി തനിക്കു മാത്രമുള്ളതല്ലെന്ന മെസ്സിയുടെ വാക്കുകള്‍ തന്നെ തെളിവ്. തുടര്‍ച്ചയായി നാലാം തവണയും നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ബഹുമതിയിലെത്തി നില്‍ക്കുമ്പോഴും മെസ്സി ആഗ്രഹിക്കുന്നത് ടീമിന്റെ കൂട്ടായ്മ മാത്രം. തന്റെ വിജയത്തിനു കാരണം ടീമിന്റെ പിന്‍ബലമെന്ന് വീണ്ടും വീണ്ടും ഈ ഇടങ്കാലന്‍ ആവര്‍ത്തിക്കുന്നതും അതു കൊണ്ടുതന്നെ. കാരണം മെസിയെന്ന സോക്കര്‍ വിസ്മയത്തിന്റെ ജീന്‍ നിര്‍മിച്ചിരിക്കുന്നത് ഫുട്ബോള്‍ എന്ന ഡി എന്‍ എ കൊണ്ടാണ്.

ഫുട്ബോളിനെ ഹൃദയത്തിലേറ്റുന്ന മൂന്നു രാജ്യങ്ങളുടെ പുത്രനാണ് ലയണല്‍ മെസി. ഇറ്റലിയില്‍ നിന്ന് അര്‍ജന്‍റീനയിലേക്ക് കുടിയേറിയ കുടുംബത്തിലാണ് മെസിയുടെ ജനനം. കുഞ്ഞുനാള്‍ മുതല്‍ക്കേ ജന്മനാടായ റൊസാരിയോയില്‍ കാലില്‍ പന്തുമായാണ് മെസി വളര്‍ന്നത്. പതിനൊന്നാം വയസില്‍ ഹോര്‍മോണ്‍ തകരാര്‍ മൂലമുള്ള ജന്മവൈകല്യത്തിന് ചികില്‍സതേടി കുഞ്ഞു മെസിയെയും കൊണ്ട് രക്ഷിതാക്കള്‍ സ്പെയിനിലെത്തി. ഭാരിച്ച ചികില്‍സാ ചെലവ് നല്‍കാനാകാതെ മെസിയുടെ കുടുംബം തളര്‍ന്നുനിന്നപ്പോള്‍ ബാഴ്സലോണ ഫുട്ബോള്‍ ക്ളബിന്‍റെ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കാള്‍സ് റെക്സാച്ചാണ് മെസിയുടെ രക്ഷയ്ക്ക് എത്തിയത്.

അസുഖം ഭേദമായ മെസിയെ ബാഴ്സ ഏറ്റെടുത്തു. പിന്നീട് ലോകം കണ്ടത് മികച്ച ഫുട്ബോളറിലേക്കുള്ള മെസിയുടെ വളര്‍ച്ച. ഫുട്ബോളിലെ റെക്കോര്‍ഡുകള്‍ മെസിയെന്ന ഫുട്ബോള്‍ മിശിഹ ഭേദിച്ചുകൊണ്ടേയിരുന്നു. ഏറ്റവുമൊടുവില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ഗോള്‍ എന്ന ജര്‍മ്മന്‍ ഇതിഹാസം ഗ്രെഡ് മുള്ളറുടെ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മെസി മറികടന്നു. 1972ല്‍ 85 ഗോളായിരുന്നു മുള്ളര്‍ നേടിയത്.

ബാഴ്സലോണയ്ക്ക് തുടരെ സ്പാനിഷ് ലീഗ് കിരീടങ്ങളും ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും സ്പാനിഷ് കപ്പും ക്ളബ് ലോകകപ്പുമൊക്കെ നേടിക്കൊടുത്ത മെസി, നാലാം തവണയാണ് ലോക ഫുട്ബോളര്‍ എന്ന പദവിയിലേക്ക് ഓടിക്കയറിയത്. 2012 മെസി നേടിയ 86 ഗോളുകളില്‍ 12 എണ്ണം അര്‍ജന്‍റീനയ്ക്ക് വേണ്ടിയായിരുന്നു. അതില്‍ എഴെണ്ണം ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലാണ്.

റെക്കോര്‍ഡുകള്‍ക്ക് വേണ്ടി കളിക്കുന്ന പ്രകൃതമല്ല മെസിയുടേത്. ഗോള്‍ മെഷീന്‍ പോലെ ഗോളുകളടിച്ചുകൂട്ടുമ്പോള്‍ മെസ്സിയെന്ന വിസ്മയമയമാകും 2014 ലോകകപ്പില്‍ അര്‍ജന്റീനയുടെ തുറുപ്പ്ചീട്ട്. ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണില്‍ നടക്കുന്ന ലോകകപ്പ് എന്ന നിലയിലും അര്‍ജന്റീനയ്ക്കു ഈ മത്സരം വൈകാരികം കൂടിയാണ്. അപ്പോഴും ലോകം പ്രാര്‍ഥനയോടെ കാത്തിരിക്കും, മെസിയെന്ന സിംഹത്തിന്റെ ഇടങ്കാലുകളുടെ ബലത്തില്‍ ഗോള്‍ വലകള്‍ കുലുങ്ങുന്നതു കാണാന്‍...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :