ചാനലുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ മലയാളികള്‍ക്ക് അവസരമുണ്ടാവില്ലെന്ന ഭയം അസ്ഥാനത്താണെന്ന് കായിക മന്ത്രി എം വിജയകുമാര്‍. എന്തുണ്ടായാലും മലയാളികള്‍ ലോകകപ്പ് കണ്ടിരിക്കുമെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ വച്ച്, കായികം ഡോട്ട് കോം എന്ന വെബ്‌സൈറ്റിന്റെ ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇഎസ്പിഎന്നും ഏഷ്യാനെറ്റും തമ്മിലുള്ള തര്‍ക്കമാണ് മലയാളികളെ ആശങ്കയിലാഴ്ത്തിയത്. മറ്റ് കായിക ചാനലുകള്‍ തമ്മിലും ഏഷ്യാനെറ്റ് ഉടക്കിയിരിക്കുകയാണ്. കായിക മാമാങ്കങ്ങള്‍ വരുമ്പോള്‍ അന്താരാഷ്‌ട്ര കായിക ചാനലുകള്‍ വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നത് സാധാരണമാണ്. ഇത്തവണയും അതുണ്ടായി. ഇതിനെ തുടര്‍ന്ന് ഇഎസ്പിഎന്‍, സ്റ്റാര്‍ സ്പോര്‍ട്സ്, സ്റ്റാര്‍ ക്രിക്കറ്റ് എന്നീ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ഏഷ്യാനെറ്റ് കേബിള്‍ സര്‍വീസസ് തീരുമാനിച്ചതാണ് കേരളക്കരയെ ദുഃഖത്തിലാഴ്ത്തിയത്.
എന്നാല്‍ കായിക ചാനലുകളും ഏഷ്യാനെറ്റ് കേബിള്‍ സര്‍വീസസും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കായിക മന്ത്രി എം വിജയകുമാര്‍ ഉറപ്പ് പറഞ്ഞിരിക്കുകയാണ്.
“മഞ്ചേരിയില്‍ സര്‍ക്കാര്‍ ആരംഭിച്ച ഫുട്ബോള്‍ അക്കാദമി ലോകകപ്പ് മത്സരം തുടങ്ങുന്ന ജൂണ്‍ 11നു പ്രവര്‍ത്തനം ആരംഭിക്കും. അമ്പത് കോടി രൂപ ചെലവഴിച്ചാണ് അക്കാദമി നിര്‍മിച്ചിരിക്കുന്നത്. വിവിധ ഏജന്‍സികളെ യോജിപ്പിച്ചുകൊണ്ടാണ് അക്കാഡമിയുടെ പ്രവര്‍ത്തനം. സ്പോട്സ് ജേര്‍ണലിസത്തിന് ഏറെ പരിമിതികളുണ്ട്. ഇതിനു പരിഹാരമെന്ന നിലയില്‍ സ്പോട്സ് ജേര്‍ണലിസത്തെ പരിപോഷിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്” - മന്ത്രി അറിയിച്ചു.
ഇതിനിടെ, ഏഷ്യാനെറ്റ് കേബിള്‍ സര്‍വീസസിന്റെ തീരുമാനം നീതിക്കു നിരക്കുന്നതല്ലെന്നു കേബിള്‍ ടിവി സബ്സ്ക്രൈബേഴ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റും ഇഎസ്പിഎന്നും തമ്മില്‍ നിലനില്‍ക്കുന്ന വരിസംഖ്യാ തര്‍ക്കം പരസ്പര ചര്‍ച്ചയിലൂടെ തീര്‍പ്പാക്കണമെന്നു ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് അപ്‌ലറ്റ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.