മലയാളി താരങ്ങള്‍ തിളങ്ങി

കൊച്ചി| WEBDUNIA|
ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സിന്‍റെ മഴയില്‍ കുതിര്‍ന്ന ആദ്യ ദിനത്തില്‍ മലയാളി താരങ്ങള്‍ തിളങ്ങി നിന്നു. റെയില്‍‌വെയുടെ മലയാളി താരം പ്രീജാ ശ്രീധരനും സര്‍വീസസിന് വേണ്ടിയിറങ്ങിയ കോട്ടയംകാരന്‍ രഞ്ജിത്ത് മഹേശ്വരിയുമാണ് ആദ്യ ദിനത്തില്‍ സ്വര്‍ണ്ണം നേടി കേരളത്തിന് അഭിമാനമായത്.

മഹാരാജാസ് കോളേജ് ഗ്രൌണ്ടില്‍ നടക്കുന്ന മീറ്റില്‍ പ്രീജ വനിതകളുടെ ആയിരത്തിയഞ്ഞൂറ് മീറ്ററിലും രഞ്ജിത്ത് പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജമ്പിലുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രാത്രി വൈകി നടന്ന 100 മീറ്റര്‍ മത്സരങ്ങളില്‍ വനിതാ വിഭാഗത്തില്‍ അന്ധ്രാ താരം എച്ച് എം ജ്യോതിയും പുരുഷ വിഭാഗത്തില്‍ റെയില്‍‌വേയുടെ ബി ജെ നാഗരാജും ഒന്നാം സ്ഥാനം കരസ്ഥമാക്കി മീറ്റിലെ ഏറ്റവും വേഗമേറിയ താരമായി. വനിതാ വിഭാഗത്തില്‍ കേരളത്തിന്‍റെ പി കെ പ്രീയക്കാണ് വെള്ളി.

ഇന്ത്യയെ ഒളിമ്പിക്സില്‍ പ്രതിനിധീകരിച്ച രഞ്ജിത്ത് മഹേശ്വരി 15.91 മീറ്റര്‍ ചാടിയാണ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ്ണം നേടിയത്. പുരുഷന്‍മാരുടെ ഷോട്ട്‌പുട്ടില്‍ ഹരിയാനയുടെ ഓംപ്രകാശ്‌ കെരിയ 17.70 മീറ്റര്‍ താണ്ടി സ്വര്‍ണ്ണം നേടിയപ്പോള്‍ വനിതകളുടെ ഡിസ്ക്കസ് ത്രോയില്‍ 54.51 മീറ്റര്‍ എറിഞ്ഞ് റെയില്‍‌വേയിസിന്‍റെ കൃഷ്ണ പൂനിയ ഒന്നാമതെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :