റിക്വല്‍മി വീണ്ടും അര്‍ജന്റീനിയന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ പടിയിറങ്ങി. പരിശീലകന് ഡീഗോ മറഡോണയോട് പിണങ്ങിയാണ് യാത്ര. അടുത്ത കൊല്ലത്തെ ലോകകപ്പിനില്ലെന്നും റിക്വല്‍മി പ്രഖ്യാപിച്ചു. ഒരു ചാനല്‍ അഭിമുഖത്തിലൂടെയാണ് റിക്വല്‍മി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച്ച തന്റെ കേളീശൈലിയെക്കുറിച്ച് മറഡോണ ടെലിവിഷനിലൂടെ നടത്തിയ പരാമര്‍ശമാണ് റിക്വല്‍മിയെ ചൊടിപ്പിച്ചത്. മറഡോണയുമായി ഇനി യോജിച്ചുപോകാന്‍ കഴിയില്ല. ടെലിവിഷനിലൂടെ താന്‍ ലോകകപ്പ് കണ്ടോളാമെന്നും ദേശീയ ടീമെന്നത് തന്നെ സംബന്ധിച്ച് കഴിഞ്ഞകാര്യമാണെന്നും റിക്വല്‍മി പറഞ്ഞു.
റിക്വല്‍മി ടീമില്‍ നിന്ന് വിട്ടത് വിഷമിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞുപോയ സംഭവം ഓര്‍ത്ത് വിലപിക്കാന്‍ താനില്ലെന്ന് മറഡോണയും വ്യക്തമാക്കി. റിക്വല്‍മിക്ക് ദേശീയ ടീമല്ല അയാളുടെ പ്രതികാരമാണ് വലുതെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു. റിക്വല്‍മിയുമായി ആശയവിനിമയം നടത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാഴ്സലോണയുടെയും വിയ്യാറലിന്റെയും മുന്‍താരം കൂടിയാണ് റിക്വല്‍മി. കഴിഞ്ഞകൊല്ലം വിയ്യാറല്‍ വിട്ട് അദ്ദേഹം ബൊക്ക ജൂനിയേഴ്സില്‍ തിരിച്ചെത്തിയിരുന്നു. പരിശീലകരുമായുള്ള ഉടക്കാണ് വിയ്യാറല്‍ വിടാനും റിക്വല്‍മിയെ പ്രേരിപ്പിച്ചത്.
2006 ലെ ലോകകപ്പിന് ശേഷവും റിക്വല്‍മി ദേശീയ ടീമില്‍ നിന്ന് വിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം വീണ്ടും ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.