ബ്ലേഡ് റണ്ണറുടെ വീട്ടില്‍ രക്തം പുരണ്ട ബാറ്റ്; ദുരൂഹത വര്‍ധിക്കുന്നു
പ്യൂരിട്ടോറിയ|
WEBDUNIA|
PRO
വാലന്റൈന്‍ ദിനക്കൊലയില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം "ബ്ലേഡ് റണ്ണര്‍" ഓസ്‌കര്‍ പിസ്‌റ്റോറിയസിന്റെ വസതിയില്‍ നിന്ന് കണ്ടെടുത്ത രക്‌തം പുരണ്ട ക്രിക്കറ്റ് ബാറ്റാണ് കൊലപാതകത്തിനു പിന്നിലെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നത്.
ഈ ബാറ്റ് അദ്ദേഹത്തിനെതിരേയുളള കൊലപാതക കേസിലെ പ്രധാന തെളിവായി സ്വീകരിക്കുമെന്ന് പോലീസ്.ഒരു ദക്ഷിണാഫ്രിക്കന്‍ പത്രമാണ് ആണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്‌തത്. വാലന്റൈന്‍ ദിവസത്തില്‍ പിസ്‌റ്റോറിയസിന്റെ വസതിയില്‍ വച്ച് കാമുകി കൊല്ലപ്പെട്ട കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണിത്.
ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന കാമുകന് വാലന്റൈന്‍ ദിന സമ്മാനവുമായി എത്തിയപ്പോഴാണ് റീവ സ്‌റ്റീന്‍കാംപ് എന്ന മോഡല്‍ വെടിയേറ്റ് മരിച്ചത്. റീവയുടെ തലയിലും കൈയിലുമാണ് വെടിയേറ്റിരുന്നത്.വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയെന്ന് കരുതി വെടിവച്ചതാണ് എന്നായിരുന്നു പിസ്‌റ്റോറിയസിന്റെ വിശദീകരണം. എന്നാല്‍ ഇത് പോലീസ് തള്ളിക്കളഞ്ഞു. ബോധപൂര്‍വമുളള കൊലപാതകത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബോധപൂര്‍വമായ കൊലപാതകമാണ് നടന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചപ്പോള്‍ പിസ്‌റ്റോറിയസ് കോടതിമുറിയില്‍ വച്ച് പൊട്ടിക്കരഞ്ഞിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ സ്ത്രീയുടെ കരച്ചില്‍ കേട്ടുവെന്ന് അയല്‍വാസികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.
വാലന്റൈന്‍ ദിനത്തില്‍ ഓസ്‌കറിനെ അതിശയിപ്പിക്കാന്‍ വേണ്ടി പുലര്‍ച്ചെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ കാമുകിയെ കവര്‍ച്ചക്കാരനെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്.
കൊല്ലപ്പെട്ട റീവ സ്റ്റീന്‍കാമ്പ് ലോകത്തെ അറിയപ്പെടുന്ന മോഡലാണ്. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയായിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വികലാംഗനെന്ന നിലയില്‍ ചരിത്രം സൃഷ്‌ടിച്ചും പാരാലിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവായും പിസ്റ്റോറിയോസ് അത്ഭുതം സൃഷ്ടിച്ചിരുന്നു. ഇരുകാലുകളിലും കാല്‍മുട്ടിനുകീഴെ എല്ലുകളില്ലാതെയാണ് പിസ്റ്റോറിയസ് ജനിച്ചത്.
പതിനൊന്നാം വയസ്സില്‍ കാല്‍മുട്ടുകള്‍ക്ക് കീഴെ ഇരുകാലുകളും മുറിച്ചുമാറ്റി. കാലുകള്‍ക്ക് പകരം ഓടാനായി പിസ്റ്റോറിയസ് ഉപയോഗിച്ച് ബ്ലേഡുകളാണ് അദ്ദേഹത്തിന് "ബ്ലേഡ് റണ്ണര്‍" എന്ന പേര് സമ്മാനിച്ചത്.