പ്രണയദിനത്തില്‍ കാമുകിയെ കൊലപ്പെടുത്തിയതിന് വിചാരണ നേരിടുന്ന 'ബ്ലേഡ് റണ്ണര്‍' ഓസ്കാര്‍ പിസ്റ്റോറിയസിനെതിരെ കൂടുതല്‍ തെളിവുകള്‍. കാമുകിയുടെ കൊലപാതകം നടക്കുന്നതിനു കുറച്ച്കാലം മുന്‍പ് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കവെ കയ്യിലുള്ള പിസ്റ്റോറിയസിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയിരുന്നെന്ന് സുഹൃത്ത് വെളിപ്പെടുത്തി.
കെവിന്‍ ലിറെനയെന്നയാളാണ് 'ബ്ലീഡ്' എന്ന ദക്ഷിണാഫ്രിക്കന്‍ പത്രത്തോട് ഈ അപകടത്തെക്കുറിച്ച് വിവരിച്ചത്. ഓസ്കാര്‍ ഈ യാദൃശ്ചിക സംഭവത്തിന് അന്ന് മാപ്പ് ചോദിച്ചിരുന്നെന്നും പോക്കറ്റില്‍ സേഫ്റ്റി ക്യാച്ച് എടുത്ത രീതിയിലാണ് തോക്ക് കിടന്നതെന്നും കെവിന്‍ പറഞ്ഞു.
പിസ്റ്റോറിയസിന്റെ വീട്ടില്‍ നടന്ന തിരച്ചിലിനിടെ ഉത്തേജകങ്ങള്‍ കണ്ടെടുത്തതും വിവാദങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. അന്വേഷണം നടത്തുന്നതായി അന്താരാഷ്ട്ര ഏജന്‍സി തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന്റെയും വിചാരണയ്ക്കും ശേഷമായിരിക്കും ഇത്. 9 എം എം തോക്കുപയോഗിച്ചാണ് പിസ്റ്റോറിയസ് കാമുകിയെ നാലുതവണ വെടിവെച്ചത്.
വാലന്റൈന്‍ ദിനത്തില്‍ ഓസ്‌കറിനെ അതിശയിപ്പിക്കാന്‍ വേണ്ടി പുലര്‍ച്ചെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ കാമുകിയെ കവര്‍ച്ചക്കാരനെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്.
ബോധപൂര്‍വമായ കൊലപാതകമാണ് നടന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചപ്പോള്‍ പിസ്‌റ്റോറിയസ് കോടതിമുറിയില്‍ വച്ച് പൊട്ടിക്കരഞ്ഞിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ സ്ത്രീയുടെ കരച്ചില്‍ കേട്ടുവെന്ന് അയല്‍വാസികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ തുടരുകയാണ്.
കൊല്ലപ്പെട്ട റീവ സ്റ്റീന്‍കാമ്പ് ലോകത്തെ അറിയപ്പെടുന്ന മോഡലാണ്. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയായിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വികലാംഗനെന്ന നിലയില്‍ ചരിത്രം സൃഷ്‌ടിച്ചും പാരാലിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവായും പിസ്റ്റോറിയോസ് അത്ഭുതം സൃഷ്ടിച്ചിരുന്നു.
ഇരുകാലുകളിലും കാല്‍മുട്ടിനുകീഴെ എല്ലുകളില്ലാതെയാണ് പിസ്റ്റോറിയസ് ജനിച്ചത്. പതിനൊന്നാം വയസ്സില്‍ കാല്‍മുട്ടുകള്‍ക്ക് കീഴെ ഇരുകാലുകളും മുറിച്ചുമാറ്റി. കാലുകള്‍ക്ക് പകരം ഓടാനായി പിസ്റ്റോറിയസ് ഉപയോഗിച്ച് ബ്ലേഡുകളാണ് അദ്ദേഹത്തിന് "ബ്ലേഡ് റണ്ണര്‍" എന്ന പേര് ലഭിച്ചത്.