മാഡ്രിഡ്|
WEBDUNIA|
Last Modified ബുധന്‍, 17 ഫെബ്രുവരി 2010 (15:04 IST)
PRO
ബ്രസീലിയന്‍ സൂപ്പര്‍താരം ലൂയിസ് ഫാബിയാനോയ്ക്കായി പ്രീമിയര്‍ ലീഗിലെ മുമ്പന്‍മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും വലവിരിക്കുന്നു. സ്പാനിഷ് ലീഗ് വിട്ട് എങ്ങോട്ടുമില്ലെന്ന് സെവിയ്യ താരമായ ഫാബിയാനോ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചെല്‍സിയും സിറ്റിയും ഫാബിയാനോയ്ക്കായി വന്‍തുകയുമായി രംഗത്തുണ്ട്. 15 മില്യണ്‍ പൌണ്ടാണ് ഇരു ക്ലബ്ബുകളും ഫാബിയാനോയ്ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
പ്രീമിയര്‍ ലീഗിന്‍റെ പണക്കൊഴുപ്പിലേക്ക് കൂടുമാറാന്‍ ഫാബിയാനോയ്ക്ക് താല്‍പ്പര്യമില്ലെങ്കിലും ഇത്രയും വലിയ തുക നിരസിക്കാന്‍ സെവിയ്യ തയ്യാറാവില്ലെന്നാണ് സിറ്റിയുടെയും ചെല്‍സിയുടെയും കണക്കുക്കൂട്ടല്‍. റോബീഞ്ഞോയ്ക്ക് പകരക്കാരനായാണ് സിറ്റി ഫാബിയാനോയില്‍ നോട്ടമിടുന്നത്.
എന്നാല്‍ നിലവില്‍ പകരക്കാരില്ലാത്ത നിക്കോളസ് അനല്‍ക്കയ്ക്കും ദിദിയര്‍ ദ്രോഗ്ബെയ്ക്കും വെല്ലുവിളി ഉയര്‍ത്താനാണ് ചെല്‍സി കോച്ച് കാര്‍ലോസ് ആന്‍സലോട്ടി ഫാബിയാനോയില്‍ നോട്ടമിടുന്നത്. എന്നാല്‍ സെവിയ്യയില്‍ താന്‍ സംതൃപ്തനാണെന്നും സ്പാനിഷ് ലീഗ് വിട്ട് എങ്ങോട്ടുമില്ലെന്നും 29കാരനായ ഫാബിയാനൊ പറഞ്ഞു.