ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ ഒന്നാം സ്ഥാനത്ത് തുടരുക അത്ര എളുപ്പമല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. അബുദാബിയില്‍ നടന്ന പ്രദര്‍ശന ടൂര്‍ണമെന്റിന്റെ സെമിയില്‍ ലോക എട്ടാം റാങ്കുകാരനായ റോബിന് സോഡര്ലിംഗാണ് ഫെഡററെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ (6-7, 7-6, 6-2) അട്ടിമറിച്ചത്.
കഴിഞ്ഞ 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയദേവത ഫെഡറര്ക്കൊപ്പമായിരുന്നെങ്കില് പുതുവര്‍ഷത്തില്‍ അത് സോഡര്ലിംഗിനൊപ്പമായി. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായി സോഡര്ലിംഗിന് ഈ വിജയം. ആദ്യ സെറ്റ് ടൈബ്രക്കറില് നഷ്ടമായശേഷവും പോരാട്ടവീര്യം ചോരാതെ പോരാടിയ സോഡര്‍ലിംഗ് രണ്ടാം സെറ്റ് ടൈ ബ്രേക്കറില്‍ സ്വന്തമക്കി.
മൂന്നാം സെറ്റില്‍ ഫെഡററുടെ സര്‍വീസ് ബ്രേക് ചെയ്ത് സെറ്റും മത്സരവും സോഡര്‍ലിംഗ് പോക്കറ്റിലാക്കുകയും ചെയ്തു. ഫെഡററുമായി കൂടുതല്‍ കളിക്കുംതോറും അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള സാധ്യത കൂടി വരികയാണെന്ന് സോഡര്‍ലിംഗ് മത്സരശേഷം പറഞ്ഞു. ഡേവിഡ് ഫെറററെ തോല്‍പ്പിച്ച റാഫേല്‍ നദാലാണ് ഫൈനലില്‍ സോഡര്ലിംഗിന്റെ എതിരാളി.