സാവോപോളോ|
WEBDUNIA|
Last Modified വെള്ളി, 25 സെപ്റ്റംബര്‍ 2009 (11:50 IST)
PRO
വരുന്ന നവംബറില്‍ വീണ്ടും റെയ്സിംഗ് ട്രാക്കിലേക്ക് മടങ്ങിയെത്തുമെന്ന് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫിലിപ്പെ മാസ. ബ്രസീലിലെ പ്രസിദ്ധമായ കാര്‍ട്ട് ഇവന്റിലാണ് മാസ വീണ്ടും ട്രാക്കിലിറങ്ങുക.
ഇവന്റിന്റെ പ്രചാരണത്തിന് വേണ്ടി സംഘാടകര്‍ പുറത്തിറക്കിയ ഒരു വീഡിയോ ദൃശ്യത്തിലാണ് മാസ മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ ബ്രസീലിലെ ഫ്ലോറിയാനോപൊളീസില് നവംബര്‍ 27 മുതല്‍ 29 വരെയാണ് കാര്‍ട്ട് ഇവന്റ് നടക്കുക.
ഫോര്‍മുല വണ്‍ റെയ്സിന്റെ ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീ യോഗ്യതാ മത്സരത്തിനിടെ മറ്റൊരു കാറില്‍ നിന്നും ഊരിത്തെറിച്ച സ്പ്രിങ് തലയില്‍ കൊണ്ടാണ് മാസയ്ക്ക് പരുക്കേറ്റത്. ഫെറാരി ഡ്രൈവറാണ് മാസ. ഏതാനും ദിവസം ഹംഗറിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു ബ്രസീലിയന്‍ താരം.
നിലവിലും മാസയ്ക്ക് ചികിത്സ തുടരുന്നുണ്ട്. അടുത്ത വര്‍ഷം മാസ ഫോര്‍മുല വണ്ണില്‍ തിരിച്ചെത്തുമെന്ന് ഫെറാരി നേരത്തെ വ്യക്തമാക്കിയിരുന്നു.