ഈ സീസണില്‍ ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ ദിദിയര്‍ ദ്രോഗ്ബെയുണ്ടാവുമോ?. ആരാധകരുടെ ആശങ്കയേറ്റിക്കൊണ്ട് ചെല്‍സി സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണ് തുടങ്ങുന്നതിനു മുന്‍പ് ദ്രോഗ്ബ സിറ്റിയുടെ ചുവപ്പ് കുപ്പായമണിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടെന്നാണ് ദ്രോഗ്ബയുടെ മാനേജര്‍ പറയുന്നത്.
ഏകദേശം 20 മില്യണ്‍ പൌണ്ടിനാണ് ദ്രോഗ്ബ സിറ്റിയിലേക്ക് കൂടുമാറാന്‍ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. മൂന്നുവര്‍ഷത്തെ കരാറായിരിക്കും സിറ്റി ദ്രോഗ്ബയ്ക്ക് നല്‍കുക. 18 മില്യണ്‍ പൌണ്ടാണ് സിറ്റി വാഗ്ദാനം ചെയ്യുന്നത്. ഈ സീസണില്‍ ലിവര്‍പൂള്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിനെ നീലക്കുപ്പായത്തിലെത്തിക്കാന് കഴിഞ്ഞില്ലെങ്കില്‍ ദ്രോഗ്ബയുടെ കൂടുമാറ്റം ചെല്‍സിയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒളിമ്പിക് മാഴ്സെയില്‍ നിന്ന് 2004-05 സീസണിലാണ് ദ്രൊഗ്ബ ചെല്‍സിയുടെ നീലക്കുപ്പായത്തിലെത്തിയത്. ചെല്‍സിയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരമായ ദ്രോഗ്ബ കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടി പ്രീമിയര്‍ ലീഗിലെ രണ്ടാമത്തെ മികച്ച ഗോള്‍ വേട്ടക്കാരനുമായി.