ദേശീയ ഗെയിംസ്‌ അടുത്ത വര്‍ഷം മേയില്‍

WD
ദേശീയ ഗെയിംസ്‌ അടുത്ത വര്‍ഷം മേയ്‌ ഒന്നുമുതല്‍ 14 വരെ നടക്കുമെന്ന് സ്പോര്‍ട്സ് മന്ത്രി എം വിജയകുമാര്‍ അറിയിച്ചു. ഒക്ടോബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‍റെ സന്നാഹ മല്‍സരമെന്ന നിലയിലായിരിക്കും ഗെയിംസ് സംഘടിപ്പിക്കുക. സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലായാണ് മല്‍‌സരങ്ങള്‍ നടക്കുക.

ഉദ്ഘാടന, സമാപനച്ചടങ്ങുകളും അത്‌ലറ്റിക്സും തിരുവനന്തപുരം കാര്യവട്ടത്ത്‌ നിര്‍മിക്കുന്ന സ്റ്റേഡിയത്തിലായിരിക്കും നടക്കുക. കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങള്‍ ഉപവേദികളായിരിക്കും. 35 കായിക ഇനങ്ങളാണ്‌ ഗെയിംസില്‍ ഉണ്ടാകുക.

കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി രൂപീകരണ സമ്മേളനം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്‌തു. മന്ത്രിമാരായ എം. വിജയകുമാര്‍, എം.എ. ബേബി, കെ.പി. രാജേന്ദ്രന്‍, എ.കെ. ബാലന്‍, ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ്കല്‍മാഡി, ചീഫ്‌ സെക്രട്ടറി, ഡിജിപി, കേരള സ്പോര്‍ട്സ്‌ കൗണ്‍സില്‍, ഒളിംപിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗെയിംസ് നടത്തിപ്പിനായി 600 കോടി രൂപ ചെലവഴിക്കുമെന്ന്‌ മന്ത്രി എം. വിജയകുമാര്‍ അറിയിച്ചു. ഇതില്‍ പകുതിയെങ്കിലും നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം കൊച്ചി തൃശൂര്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും. ഗെയിംസിനായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്റ്റേഡിയങ്ങള്‍ ഹോക്കി ടര്‍ഫ്, സൈക്കിള്‍ വെലോഡ്രോം, ഷൂട്ടിംഗ് റേഞ്ച് നീന്തല്‍ക്കുളം എന്നിവ തയ്യാറാക്കും. പി.ടി. ഉഷയുടെ അത്‌ലറ്റിക്‌ അക്കാദമി നവീകരിച്ച്‌ പരിശീലനത്തിന്‌ സൗകര്യമൊരുക്കും.
തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :