ഡീഗോ മറഡോണ പുറത്ത്

ബ്യൂനേഴ്സ് അയേഴ്സ്| WEBDUNIA| Last Modified ബുധന്‍, 28 ജൂലൈ 2010 (08:25 IST)
ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയെ അര്‍ജന്‍റീനയുടെ പരിശീലക സ്ഥാനത്തു പുറത്താക്കി. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മറഡോണയുടെ കരാര്‍ പുതുക്കേണ്ടെന്നു അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അസോസിയേഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ മറഡോണ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് പുറത്താക്കിയത്. ലോകകപ്പിലെ ദയനീയ പരാജയത്തിനു ശേഷവും മറഡോണ തന്നെ ടീമിന്‍റെ പരിശീലകനായി തുടരുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അസിസ്റ്റന്‍റ് കോച്ചും മുന്‍ ഡിഫന്‍ഡറുമായ ഒസ്കര്‍ റൂഗിനെച്ചൊല്ലിയുള്ള തര്‍ക്കമാണു പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് കരുതുന്നത്. അടുത്ത ലോകകപ്പു വരെ മറഡോണയ്ക്കു പരിശീലകനായി തുടരണമെങ്കില്‍ ടീമിലെ മറ്റു ജീവനക്കാരെ മാറ്റണമെന്ന നിലപാടിലായിരുന്നു അസോസിയേഷന്‍റേത്. എന്നാല്‍, ഇതിനു വഴങ്ങാന്‍ മറഡോണ തയ്യാറായില്ല.

അസോസിയേഷന്‍ പ്രസിഡന്‍റ് ജൂലിയോ ഗ്രൊന്‍ഡൊനയുമായി മറഡോണ അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് 20 മാസം നീണ്ടു നിന്ന മറഡോണയുടെ കരാര്‍ പുതുക്കേണ്ടെന്നു തീരുമാനിച്ചതായി ഫുട്ബോള്‍ അസോസിയേഷന്‍ വക്താവ് ഏണസ്റ്റോ ചെര്‍ഗിസ് ബിയാലോ അറിയിക്കുകയായിരുന്നു. ആല്‍ബിസെലെസ്റ്റോ ആകും അര്‍ജന്റീനയുടെ ഇടക്കാല പരിശീലകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :