ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്‍റെ നായക സ്ഥാനം ചെല്‍സി നായകന്‍ ജോണ്‍ ടെറിയ്ക്ക് നഷ്ടമായേക്കുമെന്ന് സൂചന. ടീം അംഗമായ വെയ്‌ന്‍ ബ്രിഡ്ജിന്‍റെ പെണ്‍ സുഹൃത്തുമായുള്ള ബന്ധം പുറത്തായതാണ് ടെറിക്ക് വിനയായത്. വിവാദം പുറത്തുവന്ന ശേഷം 2000ത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 87 ശതമാനം പേരും ടെറി നായകസ്ഥാനം രാജിവെക്കെണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലോകകപ്പിനു മുന്നോടിയായി മാര്‍ച്ചില്‍ നടക്കുന്ന ഇംഗ്ലണ്ടിന്‍റെ സൌഹൃദ മത്സരത്തിനുളള ടീമിലും ടെറിയെ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് സൂചനയുണ്ട്. വിവാദം പുറത്തുവന്നതിനെ തുടര്‍ന്ന് വെയ്‌ന്‍ ബ്രിഡ്ജ് ടെറിയുമായി സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും അദ്ദേഹം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്നും ‘ദ സണ്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ടെറിയെ നായകസ്ഥാനത്ത് നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോയിയേഷനില്‍ ഭിന്നതയുണ്ടെന്നാണ് സൂചന. വെയ്ന്‍ ബ്രിഡ്ജിനെയും ടെറിയെയും ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇരുവരെയും അവസാന ഇലവനില്‍ എങ്ങനെ ഉള്‍പ്പെടുത്തുമെന്നതാണ് കോച്ച് ഫാബിയോ കാപ്പെല്ലോയുടെ തലവേദന.
എന്തായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കാപ്പെല്ലോയ്ക്ക് തന്നെ വിട്ടുകൊടുക്കാനാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍റെ തീരുമാനം. ടെറിയുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍ അനുവദിക്കരുതെന്നാണ് കാപ്പെല്ലോയുടെ നിലപാട്.