ചൈന മാസ്റ്റേഴ്സ്: അപേക്ഷ വൈകി ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 21 ഓഗസ്റ്റ് 2009 (16:29 IST)
ചൈന മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല. നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യന്‍ താരങ്ങളുടെ അപേക്ഷകള്‍ കൈമാറാഞ്ഞതിനെ തുടര്‍ന്നാണ് ലോക ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഇന്ത്യന്‍ താരങ്ങളുടെ എന്‍‌ട്രികള്‍ നിരസിച്ചത്.

ഇക്കഴിഞ്ഞ 11 നായിരുന്നു എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ എന്‍‌ട്രികള്‍ അയച്ചത് പിറ്റേന്ന് മാത്രമാണ്. അടുത്ത മാസം 15 മുതല്‍ 20 വരെയാണ് ലോകത്തെ മുന്‍ നിരതാരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ്.

കഴിഞ്ഞ ആഴ്ച സമാപിച്ച ഹൈദരാബാദിലെ ലോക ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചരിത്രത്തിലാദ്യമായി മിക്സഡ് ഡബിള്‍സിലും സിംഗിള്‍സിലും ടൂര്‍ണ്ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ നിരതാരങ്ങള്‍ കൂടി പങ്കെടുക്കുന്ന ഒരു ടൂര്‍ണ്ണമെന്‍റ് നഷ്ടപ്പെടുക എന്നത് താരങ്ങളെ ബാധിക്കും.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ പങ്കെടുക്കാനുദ്ദേശിക്കുന്ന ടൂര്‍ണ്ണമെന്‍റുകളുടെ പട്ടിക ബാഡ്മിന്‍റണ്‍ അസോസിയേഷന് നല്‍കുന്നതാണെന്ന് മലയാളി താരവും ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് താരവുമായ ദീജു പറയുന്നു. എന്‍‌ട്രികള്‍ അയക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ട യാതൊരു കാര്യവുമില്ല. ചൈന മാസ്റ്റേഴ്സിന് എന്‍‌ട്രികള്‍ അയയ്ക്കാന്‍ വിട്ടുപോയെന്നാണ് അസോസിയേഷന്‍റെ വിശദീകരണം. ഇത് തീര്‍ച്ചയായും അവരുടെ തെറ്റ് തന്നെയാണ് ദീജു പറഞ്ഞു.

ടൂര്‍ണ്ണമെന്‍റ് നഷ്ടപ്പെട്ടാല്‍ റാങ്കിംഗിനെയും അത് ദോഷകരമായി ബാധിക്കുമെന്ന് ദീജു ചൂണ്ടിക്കാട്ടുന്നു. പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും ദീജു കൂട്ടിച്ചേര്‍ത്തു.

ഗിരീഷ് നാഥു എന്നയാളാണ് എന്‍‌ട്രികളയയ്ക്കാന്‍ അസോസിയേഷനില്‍ ചുമതലപ്പെട്ടത്. എന്നാല്‍ കളിക്കാര്‍ സ്വയം എന്‍‌ട്രികള്‍ അയച്ചോളുമെന്ന് കോച്ച് പുല്ലേല ഗോപീചന്ദും ഗിരീഷും തന്നെ അറിയിക്കുകയായിരുന്നെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് വികെ വര്‍മ്മ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :