അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2024 (10:44 IST)
ഒളിമ്പിക്‌സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍ പരാജയപ്പെട്ടതിന് പിന്നാലെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ഇതിഹാസ താരവും ലക്ഷ്യ സെന്നിന്റെ മെന്ററുമായ പ്രകാശ് പദുക്കോണ്‍. ഒളിമ്പിക്‌സിലെ പരാജയത്തിലെ നിരാശ മറച്ചുവെയ്ക്കാതെയാണ് പ്രകാശ് പദുക്കോണ്‍ താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സില്‍ 7 മെഡലുകള്‍ നേടിയിരുന്ന ഇന്ത്യ ഇത്തവണ 10ല്‍ കൂടുതല്‍ മെഡലുകളാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ബാഡ്മിന്റണില്‍ സാത്വിക് - ചിരാഗ് സഖ്യത്തിനും കഴിഞ്ഞ ഒളിമ്പിക്‌സുകളില്‍ ഇന്ത്യയ്ക്ക് മെഡലുകള്‍ സമ്മാനിച്ച പി വി സിന്ധുവിനും ഇത്തവണ മെഡലൊന്നും നേടാനായിരുന്നില്ല.
ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെയാണ് താരങ്ങള്‍ക്കെതിരെ പ്രകാശ് പദുക്കോണ്‍ പൊട്ടിത്തെറിച്ചത്. 64ല്‍ മില്‍ഖാ സിംഗിനും 80കളില്‍ പി ടി ഉഷയ്ക്കും ശേഷം പലപ്പോഴും നാലാം സ്ഥാനങ്ങളിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇതിന്റെ ഉത്തരവാദിത്വം കളിക്കാര്‍ ഏറ്റെടുക്കേണ്ടത് അവശ്യമായി വന്നിരിക്കുകയാണ്. ചുരുങ്ങിയത് കഴിഞ്ഞ ഒളിമ്പിക്‌സിലും ഈ ഒളിമ്പിക്‌സിലും ഫെഡറേഷനെയും സര്‍ക്കാരിനെയും പഴിക്കുന്നതില്‍ കാര്യമില്ല. ആത്യന്തികമായി കളിക്കാരാണ് ഉത്തരവാദിത്വം വഹിക്കേണ്ടത്. കളിക്കാര്‍ വേണ്ടത്ര പരിശ്രമിച്ചോ എന്നതെല്ലാം അവര്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്. പ്രകാശ് പദുക്കോണ്‍ പറഞ്ഞു.