ടെന്നീസ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആഷ്‌ലി ബാർട്ടി, 25-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം

അഭിറാം മനോഹർ| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (13:04 IST)
ലോക ഒന്നാം നമ്പർ വനിത ടെന്നീസ് താരമായ ആഷ്‌ലി ബാർട്ടി വിരമിച്ചു.ഇരുപത്തിയഞ്ചാം വയസിലാണ് ഓസീസ് താരത്തിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. വിജയതൃഷ്ണ നഷ്ടമായെന്നും ക്ഷീണി‌തയായെന്നും ബാർട്ടി വ്യക്തമാക്കി. ലോകം ഒന്നാം നമ്പർ താരമായി കഴിഞ്ഞ 114 ആഴ്‌ചകളായി തുടരുകയാണ് താരം.

അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ആഷ്‍ലി ബാര്‍ട്ടി തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഇത്തവണ സ്വന്തമാക്കിയിരുന്നു. 1978ന് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കുന്ന ഓസ്ട്രേലിയൻ വനിതാ താരമെന്ന റെക്കോർഡ് ഇതിലൂടെ താരം സ്വന്തമാക്കിയിരുന്നു. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾഡൺ കിരീടവും ബാർട്ടി സ്വന്തമാക്കിയിട്ടുണ്ട്.

2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യു​ഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമെന്ന നേട്ടം ബാർട്ടി സ്വന്തമാക്കിയിരുന്നു.ടെന്നിസിൽ നിന്ന ഇടക്കാലത്ത് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി ബിഗ് ബാഷ് ലീഗിലും മത്സരിച്ചിരുന്നു. 2014ൽ ബിഗ് ബാഷ് ലീഗിൽ കളിച്ച ശേഷം പിന്നീട് ടെന്നിസാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ ​ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :