Pragg vs carlsen: 19 വയസിൽ തന്നെ ലോക ഒന്നാം നമ്പർ, 2013 മുതൽ എതിരാളികളില്ലാത്ത ചെസ് രാജാവ്, ആരാണ് ഫൈനലിൽ പ്രഗ്നാനന്ദയുടെ എതിരാളിയായ മാഗ്നസ് കാൾസൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (12:30 IST)
ഫിഡെ ലോക ചെസ് ലോകകപ്പ് ഫൈനലില്‍ 18 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യക്കാരനായ പ്രഗ്‌നാനന്ദ ഫൈനല്‍ മത്സരത്തില്‍ ഇന്ന് ലോക ഒന്നാം നമ്പര്‍ താരമായ മാഗ്‌നസ് കാള്‍സനെ നേരിടുമ്പോള്‍ ലോക ചെസ് കിരീടത്തില്‍ കുറഞ്ഞ യാതൊന്നും ഇന്ത്യക്കാര്‍ പ്രതീക്ഷിക്കുന്നില്ല. അഭിമാനമുയര്‍ത്തിയ ചന്ദ്രയാനിനൊപ്പം പ്രഗ്‌നാനന്ദയുടെ കൂടി നേട്ടം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കാര്‍. എന്നാല്‍ ഫൈനലില്‍ ചെസ് ലോകം ഇന്നുവരെ കണ്ടതില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മാഗ്‌നസ് കാള്‍സനെയാണ് പ്രഗ്‌നാനന്ദയ്ക്ക് നേരിടേണ്ടത്. പ്രഗ്‌നാനന്ദയെ പോലെ ചെറിയ പ്രായത്തില്‍ തെന്നെ ചെസിലെ കൊടുമുടികള്‍ കീഴടക്കിയ നോര്‍വീജിയന്‍ ഗ്രാന്‍ഡ് മാസ്റ്ററെ പറ്റി കൂടുതല്‍ അറിയാം.

1990 നവംബര്‍ 30ന് ജനിച്ച മാഗ്‌നസ് കാള്‍സന് നിലവില്‍ 33 വയസ്സാണ് പ്രായം. എന്നാല്‍ ഈ പ്രായത്തില്‍ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങള്‍ കണ്ടാല്‍ ആരുടെയും കണ്ണുതള്ളി പോകും എന്നതാണ് സത്യം. അഞ്ച് തവണ ലോക ചെസ് ചാമ്പ്യനും നിലവിലെ ലോക റാപിഡ് ചെസ് ലോക ചാമ്പ്യനുമാണ് കാള്‍സണ്‍. നാല് തവണയാണ് റാപിഡ് ചെസില്‍ കാള്‍സണ്‍ ചാമ്പ്യനായിട്ടുള്ളത്. ഇത് കൂടാതെ ലോക ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ കൂടിയാണ് അദ്ദേഹം. 6 തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2010ല്‍ 19 വയസ്സുള്ളപ്പോഴാണ് നോര്‍വെക്കാരന്‍ പയ്യന്‍ ആദ്യമായി ഫിഡെ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2011 ജൂലൈ 1 ന് ശേഷം ഈ നേട്ടം മറ്റാര്‍ക്കും തന്നെ കാള്‍സണ്‍ വിട്ടുകൊടുത്തിട്ടില്ല എന്നത് മാത്രം നോക്കിയാല്‍ കാള്‍സണ്‍ എത്രമാത്രം മികച്ചവനാണെന്ന കാര്യം വ്യക്തമാകും.

വെറും 18 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ഫിഡെ റേറ്റിംഗില്‍ 2800 മറികടന്ന കാള്‍സണ്‍ ആ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 2010ല്‍ ലോക ഒന്നാം നമ്പര്‍ ചെസ് താരമാകുമ്പോള്‍ ലോക ഒന്നാം നമ്പര്‍ ചെസ് താരമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും കാള്‍സണ്‍ സ്വന്തമാക്കി. 2013ല്‍ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തി ലോക ചെസ് ചാമ്പ്യനായും 2014ല്‍ ആനന്ദിനെ തന്നെ പരാജയപ്പെടുത്തി ലോക റാപിഡ് ചാമ്പ്യന്‍ഷിപ്പും ലോക ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പും കാള്‍സണ് സ്വന്തമാക്കി. ചെസിലെ മൂന്ന് കിരീടങ്ങളും ഒരേസമയം സ്വന്തമാക്കുന്ന ഏക താരമാണ് മാഗ്‌നസ് കാള്‍സണ്‍. 2019ലും 2022ലും ഈ നേട്ടം ആവര്‍ത്തിക്കാന്‍ കാള്‍സണ് സാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :