രേണുക വേണു|
Last Updated:
വ്യാഴം, 8 ഓഗസ്റ്റ് 2024 (10:18 IST)
പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാജ്യാന്തര കരിയറിന് ഫുള്‍സ്റ്റോപ്പ് ഇടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലിലേക്കു യോഗ്യത നേടിയതിനു പിന്നാലെയാണ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഫൈനലിനു മുന്‍പ് ഫോഗട്ടിന്റെ ശരീരഭാരം പരിശോധിച്ചപ്പോള്‍ നിശ്ചിയിക്കപ്പെട്ട ശരീരഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതലാണ് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഒളിംപിക്‌സ് അധികൃതര്‍ ഫോഗട്ടിനെതിരെ നടപടി സ്വീകരിച്ചത്.
സെമി ഫൈനല്‍ മത്സരത്തില്‍ ജയിച്ചതിനു തൊട്ടുപിന്നാലെ ശരീരഭാരം കുറയ്ക്കാന്‍ ഫോഗട്ട് കഠിന പ്രയത്‌നങ്ങള്‍ നടത്തിയിരുന്നു. വെള്ളം പോലും ഒഴിവാക്കി കടുത്ത ശാരീരിക വ്യായമങ്ങളില്‍ ഏര്‍പ്പെട്ടാണ് ഫൈനലിനു മുന്‍പ് ശരീരഭാരം കുറയ്ക്കാന്‍ ഫോഗട്ട് ശ്രമിച്ചത്. ഏകദേശം രണ്ട് കിലോയാണ് ഫോഗട്ടിന്റെ ശരീരഭാരത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയത്. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഇത്രയും ഭാരം കുറയ്ക്കുക എന്നത് ദുഷ്‌കരമായ തീരുമാനമാണ്. എന്നാല്‍ സ്വപ്‌ന ഫൈനലിനു വേണ്ടി എന്ത് റിസ്‌ക്കെടുക്കാനും ഫോഗട്ട് തയ്യാറായിരുന്നു.
Vinesh Phogat
ഫൈനലിന്റെ തലേന്ന് രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞാണ് ഫോഗട്ട് ശരീരഭാരം കുറയ്ക്കാനായി ദീര്‍ഘനേരം സൈക്ലിങ് അടക്കമുള്ള വ്യായാമ മുറകളില്‍ ഏര്‍പ്പെട്ടത്. വെള്ളം പോലും ഒഴിവാക്കിയതിനാല്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന് ഫോഗട്ടിന്റെ ശരീരം തളര്‍ന്നു. ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി താരത്തിന്റെ ഷോര്‍ട്ട് ഹെയര്‍ ഒന്നൂടെ കനം കുറച്ചു. വസ്ത്രത്തിന്റെ അളവും കുറച്ചു നോക്കി. എന്നിട്ടും ഫൈനലിനു മുന്‍പുള്ള ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതല്‍ രേഖപ്പെടുത്തി. അതായത് 50 കിലോഗ്രാമില്‍ നില്‍ക്കേണ്ട ശരീരഭാരം 50.100 കിലോഗ്രാം എന്നാണ് ഇലക്ട്രോണിക് വെയ്റ്റിങ് മെഷീനില്‍ രേഖപ്പെടുത്തിയത്. ഇതാണ് ഫോഗട്ടിനു തിരിച്ചടിയായത്.
വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ വെബ് ദുനിയ മലയാളത്തിന്റെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ Link : https://whatsapp.com/channel/0029VakLialEQIawlQ9iFh3l
50 കിലോഗ്രാമിനുള്ളില്‍ ആയിരുന്ന ഫോഗട്ടിന്റെ ശരീരഭാരം ഒറ്റയടിക്ക്
രണ്ട് കിലോയ്ക്കു അടുത്ത് വര്‍ധിച്ചത് എങ്ങനെയാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. സെമി ഫൈനലിനു മുന്‍പോ ശേഷമോ കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ഫോഗട്ട് കഴിച്ചിട്ടുണ്ടാകാം എന്നാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ പരിശീലകന്റെ അറിവോടു കൂടെയായിരിക്കും ഇതെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നവരും ഉണ്ട്.