ബീജിംഗ്|
jibin|
Last Updated:
തിങ്കള്‍, 24 ഓഗസ്റ്റ് 2015 (17:09 IST)
പതിവ് തെറ്റിക്കാതെ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തു. ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഓട്ടത്തില്‍ 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് ബോള്‍ട്ട് മൂന്നാം തവണയും സ്വര്‍ണം കാത്തത്. എന്നാല്‍ താന്‍ സമ്മര്‍ദ്ദത്തില്‍ ആയിരുന്നില്ലെന്നും കൂടുതല്‍ കരുത്ത് ഫൈനലിലേക്ക് കാത്തുവെച്ചിരുന്നതായും ജമൈക്കന്‍ താരം പറഞ്ഞു.
ഫൈനലില്‍ കരുത്ത് കാട്ടാന്‍ ബോള്‍ട്ട് കരുത്ത് സംഭരിച്ചുവെച്ചിരുന്നു. ശനിയാഴ്ചത്തെ ഹീറ്റ്സ് മത്സരങ്ങളില്‍ അമേരിക്കയുടെ ജസ്‌റ്റിന്‍ ഗാറ്റ്ലിന്‍ (9.77സെ), ടൈസന്‍ ഗേ (9.96സെ), പവല്‍ (9.97 സെ) എന്നിവര്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ മിന്നല്‍പിണറായാണ് ഫൈനലിലത്തെിയത്. അതോടെ എല്ലാവരും പറഞ്ഞു ചരിത്രം വഴിമാറും ഗാറ്റ്ലിന്‍ വേഗതയുടെ രാജകുമാരന്‍ ആകുമെന്നും എല്ലാവരും വിധിയെഴുതി.
ഒമ്പത് താരങ്ങള്‍ മത്സരിച്ച ഫൈനലില്‍ അമേരിക്കന്‍ താരങ്ങളായ മൈക്ക് റോജേഴ്‌സിനും ടൈസന്‍ ഗേയ്‌ക്കും ഇടയിലായി അഞ്ചാമനായിട്ടായിരുന്നു ബോള്‍ട്ടിന്റെ സ്ഥാനം. ഗാറ്റ്‌ലിന്‍ ഗേയ്‌ക്ക് അപ്പുറം ഏഴാം ലൈനിലും. സ്‌റ്റാര്‍ട്ടിംഗ് ബ്ലോക്കില്‍ ബോള്‍ട്ട് സമ്മര്‍ദ്ദത്തോടെ നിന്നപ്പോള്‍ ഗാറ്റ്‌ലിന്‍ സന്തോഷവാനായിരുന്നു. ഓട്ടത്തിനായുള്ള വെടി പൊട്ടിയപ്പോഴും ഗാറ്റ്‌ലിന്‍ വ്യക്തമായ ആധ്യപത്യത്തോടെ മുന്നിലെത്തി. എന്നാല്‍ അവസാന മുപ്പത് മീറ്ററായപ്പോഴേക്കും ബോള്‍ട്ട് ഒപ്പമെത്തുകയും അവസാന പത്ത് മീറ്ററില്‍ ബോള്‍ട്ട് തന്റെ കരുത്ത് കാട്ടി പാഞ്ഞപ്പോള്‍ ഗാറ്റ്‌ലിന്‍ സെക്കന്‍ഡില്‍ പത്തിലൊരംശം പിന്നിലായി ഫിനീഷ് ചെയ്യുകയുമായിരുന്നു.
28 മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ഗാറ്റ്ലിന്റെ കുതിപ്പിന് വിരാമമിടാന്‍ ബോള്‍ട്ട് തന്നെ വേണ്ടിവന്നു. ‘ഓടുന്ന കാലത്തോളം ഒന്നാമനായി നില്‍ക്കുക. ഈ മത്സരം എനിക്ക് നിര്‍ണായകമാണെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ അതിനേക്കാള്‍ വലുതായിട്ടാണ് ഞാന്‍ ഈ മത്സരത്തെ കണ്ടത്. അവസാനം ജയം എന്റെ കൂടെ നിന്നു. സമ്മര്‍ദ്ദവും ടെന്‍ഷനും അവസാനിച്ചിരിക്കുന്നു’- ബോള്‍ട്ട് പറഞ്ഞു.
28 മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ഗാറ്റ്ലിന്റെ പ്രതീക്ഷകള്‍ ബോള്‍ട്ടിന് മുന്നില്‍ തകരുകയായിരുന്നു. ഹീറ്റ്സിലും സെമിയിലും പത്ത് സെക്കന്‍ഡിനുള്ളില്‍ ഓടിയെത്താന്‍ ശ്രമിച്ച ബോള്‍ട്ട് വല്ലാതെ വിഷമിച്ചു. എല്ലാവരും ഗാറ്റ്‌ലിനാവും ഒന്നാമതെന്ന് വിധിയെഴുതി. എന്നാല്‍ ഫൈനലില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ബോള്‍ട്ട് തന്റെ കരുത്ത് ഒളിപ്പിച്ച് വെച്ചത് പാവം ഗാറ്റ്‌ലിന്‍ അറിഞ്ഞില്ല. ഫൈനല്‍ മത്സരത്തിന് സന്തോഷത്തോടെയെത്തിയ ഗാറ്റ്‌ലിന്‍ ബോള്‍ട്ടിന്റെ അതിവേഗ കരുത്ത് മനസിലാക്കാന്‍ കഴിയാതെ പോകുകയായിരുന്നു.