ഈ പ്രായത്തിലും എന്നാ ഒരിതാ: പുൽക്കോർട്ടിൽ അത്ഭുതമായി റോജർ ഫെഡറർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ജൂലൈ 2021 (22:24 IST)
മുപ്പത്തിയൊൻ‌പതാം വയസിൽ വിമ്പിൾഡൺ ക്വാർട്ടറിൽ കടന്ന് റെക്കോർഡിട്ട് സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെ‌ഡറർ. ആദ്യ റൗണ്ടിൽ ഭാഗ്യത്തിന്റെ ബലത്തിൽ മുന്നേറിയ പക്ഷേ ആധികാരിക ജയത്തോടെയാണ് അവസാന 8 സ്ഥാനക്കാരിലൊരാളായത്.

7-5,6-4,6-2 എന്ന സ്കോറിലായിരുന്നു ഫെഡററുടെ വിജയം. ഇതോടെ വിമ്പിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം ഫെഡറർ സ്വന്തമാക്കി. 8 തവണ വിമ്പിൾഡണിൽ കിരീടം ചൂടിയിട്ടുള്ള താരം കൂടിയാണ് ഫെഡറർ. ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടി എന്നത് തന്നെ വിസ്‌മയിപ്പിക്കുന്നു എന്നായിരുന്നു ചരിത്രനേട്ടത്തിനോടുള്ള ഫെഡററുടെ പ്രതികരണം.

22 വർഷം മുൻപാണ് ഫെഡറർ ആദ്യമായി വിമ്പിൾഡൺ കളിക്കുന്നത്. 18 തവണ വിമ്പിൾഡൺ ക്വാർട്ടർ കളിക്കാൻ താരത്തിനായി. എല്ലാ ഗ്രാൻഡ്‌സ്ലാമുകളും പരിഗണിക്കു‌മ്പോൾ ക്വാർട്ടർ ഫൈനലിലെത്തുന്ന മൂ‌ന്നാമത്തെ പ്രായമേറിയ താരമാണ് ഫെഡറർ. ഒരു ഗ്രാൻഡ്‌സ്ലാമിൽ ഏറ്റവും കൂടുതൽ തവണ ക്വാർട്ടറിലെത്തുന്ന താരമെന്ന നേട്ടവും ഫെഡററുടെ പേരിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :