ചെസ് ചരിത്രത്തില്‍ തന്നെ ആദ്യ സംഭവം!, പ്രഗ്‌നാനന്ദയ്ക്ക് പിന്നാലെ ഗ്രാന്‍ഡ് മാസ്റ്ററായി ചേച്ചി വൈശാലിയും

Image Source : Praggnanandhaa Instagram
അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2023 (08:21 IST)
ഇന്ത്യന്‍ ചെസിലെ അത്ഭുത പ്രതിഭയായ ആര്‍ പ്രഗ്‌നാനന്ദയ്ക്ക് പിന്നാലെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കി താരത്തിന്റെ മൂത്ത സഹോദരി ആര്‍ വൈശാലിയും. 2,500 എലോ റേറ്റിംഗ് പോയന്റ് മറികടന്നാണ് ആര്‍ വൈശാലി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. വനിതാതാരങ്ങളില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ആര്‍ വൈശാലി. ചെസ് ചരിത്രത്തില്‍ ഇതാദ്യമായാണ് സഹോദരി സഹോദരന്മാര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത്.

ഇന്ത്യയുടെ 83മത് ഗ്രാന്‍ഡ് മാസ്റ്ററാണ് വൈശാലി. സ്‌പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ടര്‍ക്കിഷ് താരം ടാമെര്‍ താരിഖ് സെല്‍ബെസിനെ തോല്‍പ്പിച്ചതോടെയാണ് വൈശാലി ഈ നേട്ടം സ്വന്തമാക്കിയത്. ഒക്ടോബറില്‍ ഖത്തറില്‍ നടന്ന മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ മൂന്നാം ഗ്രാന്‍ഡ് മാസ്റ്റര്‍ നാമനിര്‍ദേശം വൈശാലിക്ക് ലഭിച്ചിരുന്നു. 2018ല്‍ 12 വയസ് പ്രായമുള്ളപ്പോഴായിരുന്നു പ്രഗ്‌നാനന്ദ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്ദവി സ്വന്തമാക്കിയത്. വനിതാതാരങ്ങളില്‍ കൊനേരു ഹംപി, ഡി ഹരിക എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയിട്ടുള്ളത്. 2002ല്‍ തന്റെ പതിനഞ്ചാം വയസിലായിരുന്നു കൊനേരു ഹംപി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :