ഒളിംപിക്‌സ് മെഡല്‍ കേരളത്തിലെത്തുന്നത് 49 വര്‍ഷത്തിനു ശേഷം; മലയാളത്തിന്റെ 'അഭിമാന ശ്രീ'

രേണുക വേണു| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (10:09 IST)

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഹോക്കി ടീം വെങ്കല നേട്ടം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ 130 കോടി ജനങ്ങളും നന്ദി പറയേണ്ടത് മലയാളി താരവും ഗോള്‍ കീപ്പറുമായ പി.ആര്‍.ശ്രീജേഷിനോട്. എണ്ണംപറഞ്ഞ കലക്കന്‍ സേവുകളാണ് ജെര്‍മനിക്കെതിരായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ശ്രീജേഷ് നടത്തിയത്. എറണാകുളം സ്വദേശിയാണ് ശ്രീജേഷ്.

ഏതാണ്ട് അരനൂറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു ഒളിംപിക്‌സ് മെഡല്‍ കേരളത്തിലെത്തുന്നത്. 1972 മ്യൂണിക്ക് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ ഒരു മലയാളി താരം ആ ടീമിലുണ്ടായിരുന്നു. കണ്ണൂര്‍ക്കാരന്‍ മാന്വല്‍ ഫ്രെഡ്രിക് ആയിരുന്നു വെങ്കല മെഡല്‍ നേടിയ ടീമിലെ മലയാളി താരം. പിന്നീട് 49 വര്‍ഷത്തിനുശേഷം ടോക്കിയോയില്‍ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയപ്പോള്‍ ആ ടീമില്‍ അംഗമാണ് മലയാളി താരമായ പി.ആര്‍.ശ്രീജേഷ്.


ജെര്‍മനിക്കെതിരായ മത്സരത്തില്‍ ശ്രീജേഷ് നടത്തിയ സേവുകളാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. അവസാന നിമിഷം വരെ ജെര്‍മനി ആക്രമിച്ചു കളിച്ചു. ഇന്ത്യന്‍ ഗോള്‍വലയിലേക്ക് ജെര്‍മന്‍ താരങ്ങള്‍ ഇരച്ചെത്തി. എന്നാല്‍, ശ്രീജേഷ് വന്‍മതിലായി നിലകൊണ്ടതോടെ ഇന്ത്യ സ്വപ്‌നവിജയം സ്വന്തമാക്കി.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :