രേണുക വേണു|
Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (09:32 IST)
ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് വേറിട്ട അഭിനന്ദനവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. 1983, 2007, 2011 ക്രിക്കറ്റ് ലോകകപ്പ് നേട്ടങ്ങള്‍ മറക്കൂ എന്നാണ് ഗംഭീര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് നേട്ടങ്ങളേക്കാള്‍ വലുതാണ് ഹോക്കി ടീം ഒളിംപിക്‌സില്‍ നേടിയ വെങ്കല മെഡല്‍ എന്ന് താരം ട്വീറ്റ് ചെയ്തു. 2007 ല്‍ ഇന്ത്യ ടി 20 ലോകകപ്പ് നേടിയപ്പോഴും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഈ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു ഗംഭീര്‍. ടി 20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ 54 പന്തില്‍ 75 റണ്‍സും ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 122 പന്തില്‍ 97 റണ്‍സും ഗംഭീര്‍ നേടിയിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ 5-4 നാണ് ഇന്ത്യന്‍ ഹോക്കി ടീം ജെര്‍മനിയെ തോല്‍പ്പിച്ചത്.