രേണുക വേണു|
Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (11:51 IST)
ബോക്‌സിങ് റിങ്ങില്‍ നിന്നും തലയുയര്‍ത്തി തന്നെ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗൊഹെയ്‌ന് മടങ്ങാം. ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയാണ് അസം സ്വദേശിനിയായ ലവ്‌ലിന ടോക്കിയോ ഒളിംപിക്‌സ് വേദിയില്‍ നിന്ന് പടിയിറങ്ങുന്നത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോടാണ് ലവ്‌ലിന തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 5-0
മത്സരം തുടക്കം മുതല്‍ ഏകപക്ഷീയമായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ലവ്‌ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. സെമിയില്‍ ജയിച്ചിരുന്നെങ്കില്‍ ബോക്‌സിങ്ങില്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി ഫൈനല്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം ലവ്‌ലിനയ്ക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരമെന്ന നേട്ടവും ഇതോടെ ലവ്‌ലിന സ്വന്തമാക്കി.