അഭിറാം മനോഹർ|
Last Modified ബുധന്‍, 27 നവംബര്‍ 2024 (19:08 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ 100 ഗോള്‍ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ബാഴ്‌സലോണയുടെ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. തന്റെ 125മത്തെ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ബ്രസ്റ്റിനെതിരെ പെനാല്‍ട്ടിയിലൂടെ ഗോള്‍ സ്വന്തമാക്കിയതോറ്റെയാണ് ലെവന്‍ഡോവ്‌സ്‌കി റെക്കോര്‍ഡ് നേട്ടം നേടിയത്. മത്സരത്തില്‍ മറ്റൊരു ഗോള്‍ കൂടി നേടി ഗോള്‍ നേട്ടം 101 ആക്കി ഉയര്‍ത്താനും താരത്തിനായി. ഈ സീസണില്‍ മാത്രം 23 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കിയിട്ടുള്ളത്.
ബൊറൂസിയ ഡോര്‍ട്ട്മുണ്ട്,, ബയേണ്‍ മ്യൂണിക്, എഫ് സി ബാഴ്‌സലോണ ക്ലബുകള്‍ക്കായാണ് ഇത്രയും ഗോളുകള്‍ ലെവന്‍ഡോവ്‌സ്‌കി കണ്ടെത്തിയത്. ഇതിന് മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ മാത്രമാണ് ഈ നേട്ടം ഇതിന് മുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ 129 ഗോളുകള്‍ നേടിയ മെസ്സിയും 140 ഗോളുകള്‍ നേടിയ റൊണാള്‍ഡോയും മാത്രമാണ് നിലവില്‍ ഗോളുകളുടെ എണ്ണത്തില്‍ ലെവന്‍ഡോവ്‌സ്‌കിയ്ക്ക് മുന്നിലുള്ളത്.