മിതാലി രാജും, സെറീന വില്യംസും തുടങ്ങി റോജർ ഫെഡറർ വരെ, കായികലോകത്ത് അതികായന്മാർ വിരമിച്ച 2022

അഭിറാം മനോഹർ| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (16:27 IST)
ഓരോ വർഷവും കഴിഞ്ഞുപോകുമ്പോൾ നമ്മളെ കളിക്കളത്തിൽ ആനന്ദിപ്പിച്ച ഒട്ടേറെ കളിക്കാർ തങ്ങളുടെ കളിജീവിതം അവസാനിപ്പിക്കാറുണ്ട്. വേർപാടുകളെ പോലെ തന്നെ സങ്കടകരമാണ് ഇത്രയും കാലം നമ്മളെ ആനന്ദിപ്പിച്ച പ്രതിഭകളെ ഇനിയും കളിക്കളത്തിൽ കാണാനാവില്ല എന്നതും. മിതാലി രാജ്, ആഷ്ലി ബാർട്ടി,റോജർ എന്ന് തുടങ്ങി ഒട്ടേറെ അതികായന്മാരാണ് 2022ൽ തങ്ങളുടെ സ്പോർട്സ് കരിയർ അവസാനിപ്പിച്ചത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ രണ്ട് ഇതിഹാസതാരങ്ങളാണ് 2022ൽ കളിജീവിതം അവസാനിപ്പിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റർ എന്ന് അറിയപ്പെടുന്ന മിതാലി രാജ് ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത് കഴിഞ്ഞ വർഷമാണ്. ഇന്ത്യയുടെ മറ്റൊരു പില്ലറായ ജൂലൻ ഗോസ്വാമിയും കഴിഞ്ഞ വർഷം സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

ടെന്നീസ് ലോകത്ത് ആഷ്ലി ബാർട്ടി എന്ന ഓസീസ് താരത്തിൻ്റെ അപ്രതീക്ഷിതമായ വിരമിക്കലിന് 2022 സാക്ഷ്യം വഹിച്ചു. 2 ഓസ്ട്രേലിയൻ ഓപ്പണുകളടക്കം 3 ഗ്രാൻഡ്സ്ലാം കിരീടങ്ങളുള്ള ബാർട്ടി തൻ്റെ 26ആം വയസിലാണ് സജീവ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ടെന്നീസ് ലോകത്തെ പുരുഷ, വനിത ഇതിഹാസതാരങ്ങളായ സെറീന വില്യംസ്, റോജർ ഫെഡറർ എന്നിവരുടെ അവസാന മത്സരങ്ങളും ഈ വർഷമാണ് ഉണ്ടായത്.

23 ഗ്രാൻഡ്സ്ലാം കിരീടനേട്ടങ്ങളടക്കം ടെന്നീസ് ലോകത്ത് മറ്റാർക്കും എളുപ്പത്തിൽ എത്തിപ്പിടിക്കാനാവത്ത നേട്ടങ്ങൾ സ്വന്തമാക്കിയാണ് സെറീന ടെന്നീസ് കോർട്ടിൽ നിന്നും വിടവാങ്ങുന്നത്.7 വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പണുകൾ, 6 യുഎസ് ഓപ്പൺ,3 ഫ്രഞ്ച് ഓപ്പൺ എന്നിങ്ങനെ പോകുന്നു സെറീനയുടെ നേട്ടം.

ടെന്നീസ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ എന്ന ലേബലിലാണ് റോജർ ഫെഡററിൻ്റെ വിടവാങ്ങൽ പ്രഖ്യാപനം. ടെന്നീസ് ലോകത്തെ തന്നെ സങ്കടത്തിൽ ആറാടിച്ചതായിരുന്നു ഈ പ്രഖ്യാപനം.20 ഗ്രാൻഡ്സ്ലാം കിരീട നേട്ടവുമായി തിളങ്ങിയ താരം ലേവർ കപ്പിൽ കോർട്ടിലെ തൻ്റെ ചിരവൈരിയായ റാഫേൽ നദാലിനൊപ്പമാണ് അവസാനം കളത്തിലിറങ്ങിയത്.

ഫുട്ബോൾ ലോകത്തും ഒട്ടേറെ വിരമിക്കലുകൾ നടന്ന വർഷമായിരുന്നു 2022. സെർജിയോ ബ്യൂസ്കെട്ട്സ്, കരിം ബെൻസേമ തുടങ്ങി പല താരങ്ങളും ഖത്തർ ലോകകപ്പോടെ ദേശീയ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ഡ്വെയ്ൻ ബ്രാവോ,കിറോൺ പൊള്ളാർഡ് എന്നിവർ വിരമിച്ച വർഷം കൂടിയായിരുന്നു 2022.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :