പാരിസ്|
VISHNU N L|
Last Modified വ്യാഴം, 22 ഒക്ടോബര്‍ 2015 (12:38 IST)
ഒളിംപിക് ചാംപ്യനായ ചൈനയുടെ ലിൻ ഡാനെ അട്ടിമറിച്ച് തിരുവനന്തപുരം സ്വദേശി എച്ച് എസ്. പ്രണോയ്
ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റന്റെ രണ്ടാം റൗണ്ടിലെത്തി (14–21, 21–11, 21–17). മൂന്നാം സീഡായ ലിൻ ഡാന്‍ എതിരെ ആദ്യ ഗെയിം കീഴടങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് അൺസീഡഡ് താരമായ പ്രണോയ് നടത്തിയത്.
മുൻ ലോക ഒന്നാം നമ്പരായ ലിൻഡാന് എതിരെ ആദ്യ ഗെയിമിൽ 7–7ന് ഒപ്പം നിന്നശേഷം പ്രണോയ്ക്ക് അടിപതറുന്നതാണു കണ്ടത്. അതിവേഗം ലിൻഡാൻ ഗെയിം നേടുകയും ചെയ്തു. പക്ഷേ, രണ്ടാം ഗെയിമിൽ അത്ഭുതകരമായ തിരിച്ചുവരവാണ് പ്രണോയിയുടെ ഭാഗത്തു നിന്നുണ്ടായത്. 2–2ൽ ഒപ്പം നിന്ന ശേഷം ഗെയിം മൊത്തം പ്രണോയിയുടെ കൈകളിലായിരുന്നു.
മൂന്നാം ഗെയിമിൽ തുടക്കത്തിൽ മുന്നേറിയ പ്രണോയിയെ ലിൻ ഡാൻ പിൻതുടർന്ന് 14–14ലും 15–15ലും പിടികൂടിയെങ്കിലും കുതറി മുന്നേറിയ പ്രണോയ് ഗെയിമും മൽസരവും സ്വന്തമാക്കി. കഴിഞ്ഞ വർഷം മലേഷ്യൻ മാസ്റ്റേഴ്സ് ഗ്രാൻപ്രീ സ്വർണം നേടിയ പ്രണോയ് 2010ലെ യൂത്ത് ഒളിംപിക്സിലെ വെള്ളി ജേതാവാണ്. 2010 ജൂനിയർ ലോകകപ്പിൽ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ വർഷം തന്നെ വിയറ്റ്നാം ഗ്രാൻപ്രീയിൽ രണ്ടാം സ്ഥാനവും നേടി.