അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (18:10 IST)
മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ടിനെ(21) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു.
നിരവധി ദേശീയ, സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ തൻവി സ്വർണം നേടിയിട്ടുണ്ട്. 2012 ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാവായിരുന്നു. 12 വയസിലായിരുന്നു ഈ നേട്ടം. ഖത്തറിന്റെ അണ്ടർ 14 ഒന്നാം നമ്പർ താരം ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തിയായിരുന്നു തൻവിയുടെ വിജയം.
ഗുവാഹത്തിയിൽ നടന്ന ആസം സൂപ്പർ സീരിസ് അണ്ടർ 12, കൊൽക്കത്തയിൽ നടന്ന ചാംപ്യൻഷിപ്പ് സീരിസിൽ അണ്ടർ 12, അണ്ടർ 14 എന്നിവ ഉൾപ്പെടെ പത്തോളം കിരീട നേട്ടങ്ങൾ സ്വന്തം പേരിലാക്കിയിരുന്നു. ടെന്നീസിലെ ശോഭനമായ ഭാവിയുണ്ടെന്ന് പ്രതീക്ഷിക്കപ്പെട്ട തൻവിക്ക് പക്ഷേ പിന്നീട് പരിക്കുകൾ വിലങ്ങുതടിയാവുകയായിരുന്നു. പതിനേഴാം വയസിൽ പരിക്ക് നട്ടെല്ലിനെ ബാധിച്ചതോടെ തൻവി ടെന്നീസിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.പിന്നീട് ദുബായിലെത്തി. ദുബായ് ഹാരിയറ്റ് വാട് ആൻഡ് മിഡിൽസെക്സ് കോളജിൽ സൈക്കോളജി– ഇംഗ്ലിഷ് ബിരുദം ചെയ്യുകയായിരുന്നു.
യൂറോളജിസ്‌റ്റ് ഡോ. സഞ്‌ജയ് ഭട്ടിന്റെയും കണ്ണുരോഗ വിദഗ്‌ധ ഡോ. ലൈലാൻ ഭട്ടിന്റെയും മകളാണ്. സഹോദരൻ ആദിദ്യ മുൻ കേരളാ ടെന്നീസ് ചാമ്പ്യനാണ്.