മോസ്‌കോ:|
BIJU|
Last Modified ശനി, 2 ജൂണ്‍ 2018 (13:08 IST)
36 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ ലോകകപ്പില്‍ പെറു എന്നൊരു രാജ്യം കളിച്ചിരുന്നു എന്ന് സ്‌പോര്‍ട്‌സ് പ്രേമിയായ ഏതെങ്കിലും മുത്തശ്ശി കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുത്തിട്ടുണ്ടാവും. എന്നാല്‍ ആ കഥയെ വെറും പഴങ്കഥയാക്കാനൊരുങ്ങുകയാണ് പെറു.
36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയ പെറു ഇത്തവണ എത്ര വലിയ ഗെയിം പുറത്തെടുക്കും എന്നൊന്നും ആര്‍ക്കും ആശങ്കയില്ല. യോഗ്യത നേടിയല്ലോ എന്ന ആശ്വാസമാണ് പെറു ടീമിനുപോലുമുള്ളത്.
ഫിഫ റാങ്കിംഗ് 11 ഉള്ള പെറുവിന് ഈ ലോകകപ്പില്‍ യാതൊരു സാധ്യതയും ആരും കല്‍പ്പിച്ചുനല്‍കുന്നില്ല. എന്നാല്‍ ഇവരെ അങ്ങനെ എഴുതിത്തള്ളുകയും വേണ്ട. ചെറിയവര്‍ ചിലപ്പോള്‍ വിപ്ലവം സൃഷ്ടിക്കും.
ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളിലൂടെയാണ് ലോകകപ്പ് കളിക്കാനുള്ള യോഗ്യത നേടിയതെങ്കിലും പൌളോ ഗ്വുറെയ്‌റോ ക്യാപ്ടനായ ടീം ചില അത്ഭുതങ്ങള്‍ കാഴ്ചവച്ചേക്കാം. റിക്കാര്‍ഡോ ഗാരികയാണ് അവരുടെ പരിശീലകന്‍.
എന്നാല്‍ ആക്രമണത്തില്‍ വലിയ വിശ്വാസമില്ലാത്ത പെറുവിന് സി ഗ്രൂപ്പില്‍ ഫ്രാന്‍സിനെപ്പോലെയുള്ള അറ്റാക്ക് വീരന്‍മാരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.