നാളെ മുതല്‍ ബ്രസീലിയന്‍ കാര്‍ണിവെല്‍

ലോകകപ്പ് ഫുട്ബോള്‍ , റിയോ ഡിജനീറോ , ബ്രസീല്‍
റിയോ ഡിജനീറോ| jibin| Last Modified ബുധന്‍, 11 ജൂണ്‍ 2014 (10:03 IST)
ലോകകപ്പ് ഫുട്ബോള്‍ ടൂർണമെന്റിനായി ബ്രസീല്‍ ഒരുങ്ങി. നാളെ മുതൽ ലോകം കാല്‍പന്ത് കളിക്ക് പിന്നാലെ പായും. 64 മത്സരങ്ങളാണ് ടൂർണമെന്റിൽ ആകെയുള്ളത്. 32 ദിവസം നീണ്ടു നില്‍ക്കുന്ന പോരാട്ടത്തില്‍ മുപ്പത്തിരണ്ട് ടീമുകള്‍ കളത്തിലിറങ്ങും. ലോകകപ്പിനുള്ള പുതിയ വേദികളുടെ നിർമ്മാണവും പഴയവയുടെ നവീകരണവും പൂർത്തിയായിക്കഴിഞ്ഞു.

വ്യാഴാഴ്ച രാത്രി സാവോപോളോയിലെ കൊരിന്ത്യൻസ് അരീനയിൽ ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് വിസിൽ മുഴങ്ങുന്നത്. നാലു ടീമുകൾ വീതമടങ്ങുന്ന എട്ട് ഗ്രൂപ്പുകളാണ് ആദ്യറൗണ്ടിൽ. ആദ്യ റൗണ്ടിൽ ഓരോ ടീമിനും മൂന്ന് മത്സരം.

ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾ വീതം രണ്ടാം റൗണ്ടിൽ. ഇവിടം മുതൽ നോക്കൗട്ടാണ്. തോൽക്കുന്നയാൾ പുറത്ത്. രണ്ടാം റൗണ്ടിൽ നിന്ന് എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിൽ. ജൂലായ് 4, 5 തീയതികളിലാണ് ക്വാർട്ടർ ഫൈനലുകൾ. 8നും 9നും സെമിഫൈനലുകൾ. ജൂലായ്
13ന് വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ ഫൈനൽ.

ബ്രസീൽ, നിലവിലെ ചാമ്പ്യൻമാരെന്ന നിലയിൽ സ്പെയിൻ, ലാറ്റിനമേരിക്കയിലെ ഒഴിവാക്കാനാവാത്ത ശക്തികളായ അർജന്റീന, കഴിഞ്ഞ ലോകകപ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജർമ്മനി എന്നിവരാണ് ഈ ലോകകപ്പ് സ്വന്തമാക്കാൻ കൂടുതൽ സാദ്ധ്യത കല്പിക്കപ്പെടുന്ന ടീമുകൾ.

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡീഗോ കോസ്റ്റ, തോമസ് മ്യൂളർ തുടങ്ങിയ സൂപ്പർതാരങ്ങളിൽ ആരാവും ഈ ലോകകപ്പിന്റെ താരമെന്നറിയാനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :