ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയുടെ അന്തിമ ടീം പട്ടിക വൈകും

ന്യൂഡല്‍ഹി| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (09:48 IST)
ഏഷ്യന്‍ ഗെയിംസ് അടുക്കുന്തോറും ഇന്ത്യയുടെ അന്തിമ ടീം സംബന്ധിച്ച വൈകും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) നല്‍കിയ പട്ടികയില്‍നിന്ന് അന്തിമ ടീമിനെ തിരഞ്ഞെടുക്കുന്നത് രണ്ടു ദിവസം കൂടി നീളുമെന്ന് കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പറഞ്ഞു. ടീം തിരഞ്ഞെടുപ്പ് വീണ്ടും വൈകുമെന്നും പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുണ്ടാകുമെന്ന് ഉറപ്പായതോടെ കായികതാരങ്ങളുടെ ആശങ്കയും ഏറുകകയാണ്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമര്‍പ്പിച്ച 935 പേരുടെ പട്ടികയാണ് ഏഷ്യന്‍ ഗെയിംസിനായി സമര്‍പ്പിച്ചത്. എന്നാല്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്), കായിക മന്ത്രാലയവും ഈ പട്ടിക മൂന്നിലൊന്നോളം കുറച്ച് 573 പേരുടെ ചുരുക്കപ്പട്ടികയാക്കിയിരുന്നു. മെഡല്‍ സാധ്യതയുള്ളവരെ മാത്രം ഏഷ്യന്‍ ഗെയിംസിന് അയച്ചാല്‍ മതിയെന്ന് ശക്തമായ നിലപാടാണ് സായ് സ്വീകരിച്ചിരിക്കുന്നത്.

ഐഒഎ സമര്‍പ്പിച്ച പട്ടികയില്‍ 662 കായിക താരങ്ങളും 273 ഒഫിഷ്യല്‍സുമാണുണ്ടായിരുന്നത്. ഈ സംഖ്യ യഥാക്രമം 403ഉം 170 ആയിട്ടാണ് സായ് ചുരുക്കിയിട്ടുള്ളത്. ഗ്വാങ്ഷൂവില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 625 താരങ്ങളുടെ സംഘത്തെയാണ് അയച്ചിരുന്നത്. അന്ന് 200ലധികം ഒഫിഷ്യല്‍സും സംഘത്തിലുണ്ടായിരുന്നു. 14 സ്വര്‍ണമടക്കം 65 മെഡലായിരുന്നു ഇന്ത്യയുടെ നേട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :