അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (12:22 IST)
2023ലെ സമരവേദിയില്‍ നിന്നും 2024ലെ പാരീസ് ഒളിമ്പിക്‌സിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് ഇന്ത്യയുടെ അഭിമാന ഗുസ്തി താരമായ വിനേഷ് ഫോഗാട്ട് വാര്‍ത്തകളില്‍ വീണ്ടും നിറയുന്നത്. ലോകചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള വേദികളില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ പ്രതിഭ നീണ്ട ഒരു വര്‍ഷക്കാലത്തെ സമരഭൂമിയില്‍ നിന്നാണ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായി മടങ്ങിയെത്തിയത്. ഒളിമ്പിക്‌സില്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനത്തിനെ അനീതിയെ എതിര്‍ത്ത് ഒരു രാജ്യത്തിന്റെ സര്‍വസന്നാഹങ്ങള്‍ക്കും എതിരെ പോരാടി വിജയിച്ച വിനേഷിന്റെ വിജയം വെറുമൊരു വിജയമല്ലെന്നാണ് കമന്റേറ്റര്‍മാര്‍ വിവരണമായി പറഞ്ഞത്.
എന്നാല്‍ ഫൈനലിന് മുന്‍പെ നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ ഉറപ്പായിരുന്ന വെള്ളി മെഡല്‍ നഷ്ടമായി എന്നത് മാത്രമല്ല പോഡിയത്തില്‍ വെങ്കല മെഡല്‍ നേടാനുള്ള അവസരം പോലും താരത്തിന് നഷ്ടമായി. റിയോ ഒളിമ്പിക്‌സില്‍ പരിക്ക് വെല്ലുവിളിയായെങ്കില്‍ 2020ലെ ടോക്യോ ഒളിമ്പിക്‌സിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. കുന്നോളം പ്രതീക്ഷകള്‍ നല്‍കി 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ ഫൈനല്‍ വരെയെത്തിയിട്ടും അവസാന സ്ഥാനക്കാരിയായാണ് വിനേഷ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഒളിമ്പിക്‌സിലെ ഈ പോരാട്ടങ്ങള്‍ക്കപ്പുറം കായികരംഗത്ത് ഇന്ത്യയ്ക്ക് ഏറെ അഭിമാനം നല്‍കുന്ന വിജയങ്ങള്‍ നല്‍കാന്‍ വിനേഷിനായിട്ടുണ്ട്.
2013ല്‍ തന്റെ പത്തൊമ്പതാം വയസില്‍ ഡല്‍ഹി ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമണിഞ്ഞാണ് വിനേഷ് തന്റെ വരവറിയിച്ചത്. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കരുത്തയായ യന ററ്റിഗനെ അട്ടിമറിച്ച് സ്വര്‍ണനേട്ടം. 2018ലെയും 2022ലെയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഈ സ്വര്‍ണമെഡല്‍ നേട്ടം വിനേഷ് ആവര്‍ത്തിച്ചു. 2019,2022 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേട്ടം. 2014ലെ ഏഷ്യന്‍ ഗെയില്‍സില്‍ വെങ്കല മെഡല്‍ നേട്ടം. 2018ലെ ഏഷ്യല്‍ ഗെയിംസില്‍ സ്വര്‍ണം, ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 4 വെങ്കലം 3 വെള്ളി ഒരു സ്വര്‍ണമെഡല്‍.
കരിയറില്‍ ഇത്രയേറെ നേട്ടങ്ങള്‍ രാജ്യത്തിനായി നേടാന്‍ കഴിഞ്ഞിട്ടും ഏതൊരു അത്‌ലറ്റും കൊതിക്കുന്ന ഒളിമ്പിക്‌സ് സ്വര്‍ണം വിനേഷില്‍ നിന്നും അകന്ന് പോയത് വെറും 100 ഗ്രാം ശരീരഭാരത്തിന്റെ വ്യത്യാസത്തില്‍. കരിയറില്‍ രാജ്യത്തിനായി ഒട്ടനേകം നേട്ടങ്ങള്‍ നേടാനായിട്ടും വിനേഷ് ഓര്‍ക്കപ്പെടുക ഒരു പക്ഷേ പരാജയപ്പെട്ട് മടങ്ങിയ ഒരു പോരാളിയായിട്ടാകും. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ വിനേഷ് നടത്തിയ പോരാട്ടങ്ങളുടെ മുന്നില്‍ ഒളിമ്പിക്‌സിലെ പോരാട്ടം പോലും ചെറുതെന്ന് വേണം പറയാന്‍. ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മെഡല്‍ നേടാന്‍ തിരിച്ചെത്തിയ വിനേഷ് ഗുസ്തി ഫെഡറേഷന്‍ ശുദ്ധീകരിക്കാനും ഭാവി താരങ്ങള്‍ക്ക് നല്ല രീതിയില്‍ പ്രകടനം നടത്താനുമുള്ള അന്തരീക്ഷം ഒരുക്കാനുമുള്ള പ്രയത്‌നങ്ങളില്‍ സജീവമാകുമെന്ന് ഉറപ്പാണ്. കാരണം പോരാട്ടമെന്നത് വിനീഷിന്റെ ഡിഎന്‍എയുടെ ഭാഗമാണ്.