സൗദിയില്‍ പൊതുമാപ്പ്‌ നല്‍കുന്നു

റിയാദ്‌:| WEBDUNIA|


ബുധന്‍, 11 ഏപ്രില്‍ 2007

വേണ്ടത്ര രേഖകളില്ലാതെയും വിസ കാലാവധി തീര്‍ന്നവരുമായ സൗദിയില്‍ തങ്ങുന്ന വിദേശ തൊഴിലാളികള്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കാന്‍ സൗദി അറേബ്യ സര്‍ക്കാര്‍ തീരുമാനിച്ചു.

സൗദി അറേബ്യന്‍ എമിഗ്രേഷന്‍ വകുപ്പിന്റേതാണ്‌ ഈ തീരുമാനം. ഏപ്രില്‍ പതിനഞ്ച്‌ മുതല്‍ രണ്ട്‌ മാസത്തെക്കാണ്‌ പൊതുമാപ്പ്‌ നല്‍കാന്‍ സൗദി സര്‍ക്കാര്‍ തയാറായിരിക്കുന്നത്‌.

പൊതുമാപ്പ്‌ ലഭിക്കുന്നതോടെ പിഴ, തടവ്‌, മറ്റ്‌ ശിക്ഷകള്‍ എന്നിവയില്‍ നിന്ന്‌ വിദേശ തൊഴിലാളികള്‍ ഒഴിവാകും. ഈ പൊതുമാപ്പ്‌ കൊണ്ട്‌ പ്രധാനമായും മലയാളികളായ തൊഴിലാളികള്‍ക്കാണ്‌ പ്രയോജനം ഉണ്ടാവുക.

എന്നാല്‍ മറ്റ്‌ കുറ്റകൃത്യങ്ങള്‍ ചെയ്തതുമൂലമുള്ള കേസുകളും ശിക്ഷകളും പൊതുമാപ്പിലൂടെ ഇളവ്‌ ചെയ്യുന്നതല്ല എന്നും സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പൊതുമാപ്പ്‌ നല്‍കുന്ന സമയത്ത്‌ ഇത്‌ പരമാവധി ഉപയോഗപ്പെടുത്തി വേണ്ടത്ര രേഖകള്‍ സംഘടിപ്പിക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഖത്തര്‍, യു.എ.ഇ, കുവൈത്ത്‌ എന്നീ രാജ്യങ്ങളും ഇത്തരത്തിലുള്ള പൊതുമാപ്പ്‌ മുമ്പ്‌ നല്‍കിയിരുന്നു. ഈ നിയമം സൗദിയില്‍ വന്നതോടെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക്‌ ആശ്വാസമായിരിക്കുകയാണ്‌.

എന്നാല്‍ അനധികൃതമായി സൗദിയില്‍ തങ്ങുന്നവരോ മറ്റ്‌ പ്രശ്നങ്ങളില്‍ പെട്ട്‌ ഉഴലുന്നവരോ പൊതുമാപ്പ്‌ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

വേണ്ടത്ര രേഖകളില്ലാതെ തൊഴില്‍ ചെയ്യുന്നവരും ഇവര്‍ക്ക്‌ തൊഴില്‍ നല്‍കുന്നവരും ഒരുപോലെ ശിക്ഷാര്‍ഹരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :