പ്രവാസസാഹിത്യത്തിന്‌ 'നവയുഗം'പുരസ്കാരം

ദമാം| WEBDUNIA| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2007 (18:28 IST)

സൗദിയിലെ ഈസ്റ്റേണ്‍ പ്രോവിന്‍സില്‍ ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'നവയുഗം സാഹിത്യവേദി' സാഹിത്യ-ജീവകാരുണ്യ പുരസ്കാരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. മിഡില്‍ഈസ്റ്റിലെ ബൃഹത്തും മാതൃകാപരവുമായ പദ്ധതിയാണിത്.

പ്രവാസത്തിന്‍റെ ദൂരം കൂടുംതോറും പിറന്ന മണ്ണിനോടും മാതൃഭാഷയോടുമുള്ള സ്നേഹത്തിന്‍റെ ആഴം വര്‍ധിക്കുന്ന മലയാളികളുടെ , സര്‍ഗാത്മകമായ കഴിവിന്‌ അംഗീകാരം നല്‍കാനും സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന പ്രതിഭകളേയും , സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നവരേയും കണ്ടെത്തി അവര്‍ക്ക്‌ അര്‍ഹമായ അംഗീകാരം നല്‍കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്.

മിഡില്‍ഈസ്റ്റിലെ പ്രവാസികളില്‍ നിന്നാണ്‌ പുരസ്കാരത്തിന്‌ കൃതികള്‍ ക്ഷണിക്കുന്നത്‌. മികച്ച നോവലിന്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ പുരസ്കാരവും ചെറുകഥയ്ക്ക്‌ വി.കെ.എന്‍ പുരസ്കാരവും കവിതയ്ക്ക്‌ തിരുനല്ലൂര്‍ സ്മാരക പുരസ്കാരവും, പത്രപ്രവര്‍ത്തനത്തിന്‌ കണിയാപുരം രാമചന്ദ്രന്‍ സ്മാരക പുരസ്കാരവും നല്‍കും. കൂടാതെ പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും സമ്മാനിക്കും.

പ്രസിദ്ധീകരിച്ചതോ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതോ ആയ കൃതികളാണ്‌ പുരസ്കാരത്തിന്‌ പരിഗണിക്കുക. ഫുള്‍സ്കാപ്പ്‌ പേജിന്‍റെ ഒരു വശത്തുമാത്രമെഴുതിയ കയ്യെഴുത്തുപ്രതികളുടെ രണ്ട്‌ കോപ്പിയും പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും ഒപ്പം അയയ്ക്കണം.

പൂര്‍ണമായ മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൃതികള്‍ ഒക്ടോബര്‍ 31-നു മുമ്പ്‌ കെ.പി.എ.സി അഷ്‌റഫ്‌, ചെയര്‍മാന്‍, നവയുഗം സാഹിത്യപുരസ്കാരം, പി.ബി. നം: 30122, അല്‍ജുബെയില്‍ 31951, സൗദി അറേബ്യ എന്ന വിലാസത്തിലോ 00966 3 3580819 എന്ന ഫാക്സ്‌ നമ്പരിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ലഭിക്കണം.

കഥ, കവിത, ലേഖനം മുതലായവയുടെ സമാഹാരങ്ങള്‍ക്കാണ്‌ മുന്‍ഗണന ലഭിക്കുക. സമ്മാനാര്‍ഹമാകുന്ന രചനകളും മറ്റ്‌ തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യരചനകളും 'നവയുഗം സ്മരണിക-2008' സുവനീറില്‍ പ്രസിദ്ധീകരിക്കും.

കെ.പി. രാമനുണ്ണി ചെയര്‍മാനും ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസ്‌, പ്രഫ. ഇ.പി. മുഹമ്മദാലി, കെ.പി.എ.സി. അഷ്‌റഫ്‌, പി.കെ. ഗോപി എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ്‌ ജേതാക്കളെ തെരഞ്ഞെടുക്കുക. പുരസ്കാരങ്ങള്‍ പ്രശസ്ത കോളമിസ്റ്റും പുരോഗമനപ്രവര്‍ത്തകനുമായിരുന്ന അജയ്‌ അന്‍സാരിയുടെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന ചടങ്ങില്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

പ്രഫ. നിസാര്‍ യത്തുങ്ങന്‍, പ്രഫ. ഇ.പി മുഹമ്മദാലി, സെക്രട്ടറി നവാസ്‌, ജോ. സെക്രട്ടറി ഫൈസല്‍, അജിത്‌ ഇബ്രാഹിം, രക്ഷാധികാരി അഡ്വ. ഹമീദ്‌, അബൂബേക്കര്‍ പൊന്നാനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രഫ. നിസാര്‍ യത്തുങ്ങന്‍ (00966563402747), നവാസ്‌ (00966 508478911), ഫൈസല്‍ (00966 508232078) എന്നിവരുമായോ 00966 3 3580819 എന്ന ഫാക്സ്‌ നമ്പരിലോ [email protected]m എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :