വ്രതം ദമ്പതികള്‍ ഒരുമിച്ച് അനുഷ്ഠിക്കണം

WEBDUNIA| Last Modified ചൊവ്വ, 4 മാര്‍ച്ച് 2008 (18:29 IST)

ശിവരാത്രി വ്രതം സര്‍വ്വപാപഹരമാണ്. അത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം. അന്ന് ഉപവാസമാണ് വിധി. പക്ഷെ, ഇളനീര്‍, പഴം, പാല്‍ എന്നിവ മിതമായി കഴിക്കാം. പകല്‍ ഉറങ്ങരുത്. ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നത് വ്രതത്തിന്‍റെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കും.

പാലാഴി മഥിക്കുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂട (ഹലാഹല) വിഷം ശ്രീപരമേശ്വരന്‍ ലോക നന്‍‌മയ്ക്കായി കഴിച്ച രാത്രിയാണ് ശിവരാത്രി. രജോ തമോ ഗുണങ്ങളെ നിയന്ത്രിച്ച് ഭക്തരില്‍ സാത്വിക ഭാവം വളര്‍ത്തുന്നു എന്നതാണ് വ്രതത്തിന്‍റെ മഹത്വം.

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിറവേറ്റി കുളിച്ച് ഭസ്മവും രുദ്രാക്ഷവും ധരിക്കണം. വീട്ടില്‍ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം 108 തവണ ജപിക്കണം. പ്രാത: സ്മരണ സ്തോത്രം, ബില്വാഷ്ടകം, ദ്വാദശ ജ്യോതിര്‍ലിംഗ സ്തുതി എന്നിവ ജപിച്ച് തൊഴുത് നമസ്കരിക്കുക.

പിന്നീട് ക്ഷേത്രദര്‍ശനം നടത്തണം. മൂലമന്ത്രമോ ഓം നമ:ശിവായയോ ആദ്യം ജപിച്ച് ക്ഷേത്രത്തിനു മൂന്ന് വലം വയ്ക്കണം. പിന്നീട് അകത്തുകയറി തൊഴാം. ശിവന് ഏറെ ഇഷ്ടം ജലധാരയാണ്. കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നതും ശിവന് പ്രിയം തന്നെ.

സ്ത്രീകള്‍ പഞ്ചാംഗ നമസ്കാരവും പുരുഷന്‍‌മാര്‍ സാഷ്ടാംഗ നമസ്കാരവും ചെയ്യണം. നാമ ജപത്തോടെ ക്ഷേത്രത്തില്‍ കഴിയുന്നതാണ് നല്ലത്. വൈകുന്നേരം കുളിച്ച ശേഷം വീണ്ടും ക്ഷേത്ര പ്രവേശനം നടത്തി അര്‍ച്ചന ചെയ്യാം.

പ്രദോഷ സമയത്തും ശിവ പൂജ ചെയ്യാം. അന്ന് ഉറക്കമൊഴിയുന്നതാണ് നല്ലത്. വെളുപ്പിന് ഇരുവരും കുളിച്ച ശേഷം ഒരിക്കല്‍ കൂടി ക്ഷേത്ര ദര്‍ശനം നടത്തി വേണം വ്രതം അവസാനിപ്പിക്കാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :