തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ശിവക്ഷേത്രമാണ് തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രം. 5-ാം നൂറ്റാണ്ടിന് മുന്‍പ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ഐതീഹ്യം. ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനു മുന്‍പ് ഈ ക്ഷേത്രം തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ മേല്‍നോട്ടത്തിലായിരുന്നു. കൊട്ടാരത്തില്‍ നിന്ന് വര്‍ഷത്തില്‍ നാല് തവണ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വരും.
വൈക്കത്തഷ്ടമി നാള്‍, തിരവാതിരനാള്‍, ശിവരാത്രി, പിന്നീട് കുടുംബ വിശേഷദിവസങ്ങള്‍ എന്നീ ദിവസങ്ങളിലാണ് രാജകുടുംബം ദര്‍ശത്തിനെത്തുന്നത്.
ഐതീഹ്യം
സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പഴയ ശ്രീകണ്ഠേശ്വരം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്‍റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് എടുക്കാന്‍ കഴിഞ്ഞില്ല.
വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്‍റെ അടിയിലുണ്ടായിരുന്ന കല്ലില്‍ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാല്‍ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠ സ്ഥിതനായ ശിവന്‍റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.
ധനുമാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ആറാട്ടിന് തലേദിവസം പളളിവേട്ട നടക്കും.