സിംഹക്കുട്ടി ഇനി എന്തു ചെയ്യും ?

ജി കെ

WEBDUNIA|
PRO
ബാലാ സാഹിബ് കേശവ് താക്കറെ എന്ന ബാല്‍ താക്കറെയുടെ പേര് കേട്ടാല്‍ മുംബൈയിലെ അധോലോക നായകന്‍‌മാര്‍ പോലും പേടിച്ച് വിറച്ച് തോക്ക് താഴെയിടുന്ന ഒരു കാലമുണ്ടായിരുന്നു. മുട്ടിലിരുന്നു മുള്ളി ഓക്കാനിച്ച് നില്‍ക്കുന്ന അനുയായികളും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മുംബൈയിലെ സിംഹം തന്നെയായിരുന്നു താക്കറെ. എന്നാല്‍ അതെല്ലാം അന്തക്കാലം.

ഇന്ന് മഹരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍കൂടി പുറത്തു വന്നതോടെ മറാത്ത സിംഹമെന്നും ഇന്ത്യന്‍ ഹിറ്റ്‌ലറെന്നുമുള്ള വിശേഷണങ്ങള്‍ അലങ്കാരമായി കൊണ്ടു നടന്ന താക്കറെ ഒരു സടകൊഴിഞ്ഞ സിംഹമാണെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും അടക്കം പറയാന്‍ തുടങ്ങിയിരിക്കുന്നു.

മറാത്ത സിംഹത്തിന് ഇനി സ്വസ്ഥമായി വീട്ടിലിരുന്ന് കാര്‍ട്ടൂണ്‍ വരക്കാം. കുറ്റം പറയരുതല്ലോ നല്ലപോലെ വരയ്ക്കാനാറിയാവുന്നതു കൊണ്ട് കഞ്ഞികുടിക്ക് തല്‍ക്കാലം മുട്ടുണ്ടാവില്ല. മാത്രമല്ല വലന്‍റൈന്‍സ് ദിനങ്ങളില്‍ പ്രതിഷേധ പ്രസ്താവനകളിറക്കിയും ഹിറ്റ്‌ലറെ പ്രകീര്‍ത്തിച്ചുമൊക്കെ ഇടക്കിടെ വാര്‍ത്ത സൃഷ്ടിക്കുകയുമാവാം.

എന്നാല്‍ സിംഹക്കുട്ടിയായ ഉദ്ദവിന്‍റെ കാര്യം അങ്ങനെയല്ല. അധികാരത്തിന്‍റെ അപ്പകഷണം കാണിച്ചാണ് ഇത്രയും കാലം കുറച്ചുപേരെയെങ്കിലും കൂടെ നിര്‍ത്തിയത്. ഇനിയും ഒരു അഞ്ചു വര്‍ഷം കൂടി കാത്തിരിക്കാന്‍ പറഞ്ഞാല്‍ അണികള്‍ പണ്ടത്തെപ്പോലെയല്ല. അവര്‍ അവരുടെ പാട്ടിന് പോകും.

അതിനു പുറമെയാണ് എം എന്‍ എസ് എന്ന ഏടാകൂടവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട അനിയന്‍ രാജ് താക്കറെ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. എം എന്‍ എസിന്‍റെ മുന്നേറ്റത്തിലൂടെ ഭാവി താക്കറെയെക്കുറിച്ചുള്ള മറാഠികളുടെ സംശയവും ഏതാണ്ണ്ട് മാറികിട്ടിയ മട്ടാ‍ണ്.

കൈത്തൊഴിലെന്ന് പറയാനായി ആകെയുളളത് ഫോട്ടോഗ്രാഫിയിലുള്ള കമ്പമാണ്. അതുംകൊണ്ട് മാത്രം ജീവിച്ചുപോകുക എന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ സിംഹക്കുട്ടിക്ക്. കാരണം ഒരുതവണ മുംബൈയില്‍ താന്‍ പിടിച്ച പടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.

രാജിനെപ്പോലെ നാക്കിനല്‍പ്പം നീളമുണ്ടെങ്കിലും എങ്ങിനെയെങ്കിലും അഞ്ചു വര്‍ഷം കൂടി പിടിച്ച് നില്‍ക്കാമായിരുന്നു. 2009ലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിയെ ഷണ്ഡനെന്ന് വിളിച്ച ഒരു പ്രസ്താവന കൊണ്ട് മാത്രം സിംഹകുട്ടിയുടെ നാക്കിന്‍റെ നീളം അളക്കാനും കഴിയില്ല.

സമകാലീന പ്രാദേശിക രാഷ്ട്രീയത്തില്‍ ഇത്തരമൊരു അവസ്ഥ മറ്റൊരു കുടുംബത്തിനു മാത്രമേ അഭിമുഖികരിക്കേണ്ടി വന്നിട്ടുള്ളു. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ കരുണാകരന്‍റെ കുടുംബത്തിന്. കരുണാകരന്‍റെ സങ്കടം മുരളീധരനാണെങ്കില്‍ താക്കറെയുടെ ദു:ഖം ഉദ്ദവിനെ ഓര്‍ത്താണ്.

രണ്ടിനും കാരണക്കാരയത് കോണ്‍ഗ്രസുകാരാണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസവും. അധികാരപ്പോരില്‍ രാജിനെ ചവിട്ടി പുറത്താക്കിയപ്പോള്‍ അതിന് ഇത്രവലിയ വില നല്‍കേണ്ടി വരുമെന്ന് സ്വപ്നത്തില്‍പ്പോലും കുട്ടിസിംഹം നിനച്ചുകാണില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :