രണ്ടുതുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു...

WD
തികച്ചും സാധാരണമായ ദിവസം. വിനോദ് പതിവു പോലെ ബാഗുമായി ബൈക്കുമെടുത്ത് ഇറങ്ങി. നഗരത്തിലെ ഒരു പ്രമുഖ കമ്പനിയുടെ മാര്‍ക്കറ്റിംങ് എക്സിക്യൂട്ടിവാണു കക്ഷി. അത്യവശ്യം പണം സമ്പാ‍ദിക്കുന്നുണ്ട്. എന്നാല്‍ തികച്ചും മാന്യമായ ജീവിതം നയിക്കാന്‍ തന്നെയാണ് വിനോദ് ഇഷ്ടപ്പെട്ടിരുന്നത്. ജോലിക്കിടെ കിട്ടുന്ന സമയങ്ങളില്‍ തന്‍റെ ബൈക്കില്‍ നഗരത്തിലെ വഴികളിലൂടെ വെറുതെ ചുറ്റിയടിക്കുന്നത് വിനോദിന്‍റെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ്.

പണവും സൌന്ദര്യവും ഉണ്ടെങ്കിലും പെണ്‍കുട്ടികളുടെ പുറകെ നടക്കുന്നതൊന്നും വിനോദിന് ഇഷ്ടമുള്ള കാര്യമല്ല. എടുത്തു പറയാന്‍ മാത്രം ഒരു പെണ്‍കുട്ടി വിനോദിന്‍റെ മനസില്‍ കയറിയിട്ടുമില്ല. അന്നും പതിവു പോലെ വിനോദ് രാവിലെ മണിക്കൂറുകള്‍ നീണ്ട ക്യാന്‍‌വാസിംങ് ജോലിക്കു ശേഷം ചുറ്റിക്കറങ്ങുകയാണ്. പെട്ടെന്ന് വഴിയിലൂടെ നടന്നു പോയ ഒരു പെണ്‍കുട്ടി വിനോദിന്‍റെ ശ്രദ്ധയില്‍ പെട്ടു. സാധാരണ മനസില്‍ തോന്നാത്ത ഒരു ഇളക്കം അയാളുടെ മനസില്‍ ഉണ്ടായി. പക്ഷെ പെണ്‍കുട്ടിയുടെ പുറകെ വച്ചു പിടിക്കാന്‍ വിനോദ് ഒന്നു മടിച്ചു.

പിറ്റേ ദിവസവും പെണ്‍കുട്ടിയെ കണ്ട അതേ സമയത്ത് അതേ സ്ഥലത്ത് വിനോദ് എത്തി. വന്നതു വെറുതെയായില്ല. പെണ്‍കുട്ടിയ കണ്ടു. ഇത് പിന്നെ വിനോദിന് ഒരു ശീലമായി. പെണ്‍കുട്ടിയും വിനോദിനെ ശ്രദ്ധിക്കാതിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞു. മിക്കവാറും സമയങ്ങളില്‍ പെണ്‍കുട്ടി വിനോദിന്‍റെ മനസിനെ ശല്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എന്തായാലും പെണ്‍കുട്ടിയോട് സംസാരിക്കുക തന്നെ, വിനോദ് ഉറച്ചു.

പതിവു സമയത്ത് പതിവു സ്ഥലത്ത് പെണ്‍കുട്ടിയെത്തി. വിനോദ് ബൈക്കില്‍ പെണ്‍കുട്ടിയുടെ തൊട്ടു മുമ്പില്‍ ചെന്നു നിന്നു. ഇതുവരെ ഇങ്ങനെയൊരു ഉദ്യമത്തിന് ശ്രമിക്കാത്ത വിനോദ് അല്പം സഭാകമ്പത്തോടെ തന്നെ പെണ്‍കുട്ടിയോട് പെട്ടെന്നു തന്നെ തന്‍റെ പേരും വിവരങ്ങളും പറഞ്ഞു. ‘തന്‍റെ പേരറിഞ്ഞാല്‍ കൊള്ളാം, കാരണം എനിക്ക് തന്നെ ഇഷ്ടമാണ്’ ഇങ്ങനെയാണ് വിനോദ് സംസാരം നിര്‍ത്തിയത്.

പെണ്‍കുട്ടി പേര് പറഞ്ഞു. പക്ഷെ പിന്നെ അവള്‍ ചോദിച്ച ചോദ്യത്തിനുത്തരം നല്‍കാന്‍ വിനോദ് ഒന്നു പാടുപ്പെട്ടു പോയി. എന്തുകൊണ്ടാണ് നിങ്ങളെന്നെ ഇഷ്ടപ്പെടുന്നത്. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരെല്ലാം അതിന് കാരണവും പറഞ്ഞിട്ടുണ്ട്. കാരണമില്ലാതെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും. എന്തു പറയും, വിനോദ് കുഴങ്ങി. ഒന്നാലോചിച്ച ശേഷം അവളുടെ കണ്ണുകളേയും മുഖത്തേയും ഭാവത്തേയും ഒക്കെ പുകഴ്ത്തി ചിലത് പറഞ്ഞു. തത്ക്കാലം വിനോദ് രക്ഷപ്പെട്ടു.

പിന്നീടുള്ള ദിവസങ്ങളിലും അവര്‍ കണ്ടു മുട്ടി സംസാരിച്ചു. ബന്ധം പെട്ടെന്നു തന്നെ വളര്‍ന്നു. പക്ഷെ ഒരു ദിവസം ആ പെണ്‍കുട്ടി ഒരു അപകടത്തില്‍ പെട്ടു. ഗുരുതരമായ പരുക്കുകളോടെ അവളെ ആശുപത്രിയിലാക്കി. അവളുടെ സുന്ദരമായ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടു. മുഖത്തിന്‍റെ മനോഹാരിത നഷ്ടപ്പെട്ടു. വിനോദ് അവളെ ഇഷ്ടപ്പെടുന്നതിനു കാരണങ്ങളായി പറഞ്ഞ ഒന്നും അവളില്‍ ഇന്ന് അവശേഷിക്കുന്നില്ല.

വിനോദ് ഈ വിവരം അറിയാന്‍ എറെ വൈകിയിരുന്നു. അവള്‍ക്ക് ബോധം തിരിച്ചു കിട്ടുന്നതിനു മുമ്പ് തന്നെ വിനേദ് അവളെ കണ്ട് മടങ്ങി. പെണ്‍കുട്ടിക്ക് ബോധം തിരിച്ചു കിട്ടി. കണ്ണു തുറന്ന അവളെ കാത്ത് കുറെ ചുവന്ന റോസാപുഷ്പങ്ങള്‍ കട്ടിലിനോട് ചേര്‍ന്നിരുക്കുന്നു, ഒപ്പം ഒരു കത്തും. ക്ഷീണിതയായ അവള്‍ കത്തു തുറന്ന് വേദനിക്കുന്ന കണ്ണുകളോടെ വായിക്കാന്‍ തുടങ്ങി.

‘നിന്നെ പ്രണയിക്കുന്നതിന് കാരണം പറയാന്‍ നീ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞ ഗുണങ്ങളൊന്നും ഇന്ന് നിന്നില്‍ കാണാനാവില്ല. അതായാത് നിന്നെ പ്രണയിക്കാന്‍ ഒരു കാരണവും ഇപ്പോള്‍ ഇല്ല....ഞാന്‍ എന്തു ചെയ്യണം... കാരണമില്ലാതെ പ്രണയിക്കാനാവില്ലല്ലൊ..’ അവളുടെ കണ്ണില്‍ നിന്ന് രണ്ടുതുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു....പക്ഷെ കത്തിലെ വരികള്‍ അവസാനിച്ചിരുന്നില്ല. അത് തുടര്‍ന്നു, ‘പക്ഷെ എനിക്ക് നിന്നോടുള്ള ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല പ്രണയത്തിനു കാര്യകാരണങ്ങള്‍ നിരത്തനാവില്ലെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയുമല്ലൊ’.

WEBDUNIA|
ഇത് വെറും ഒരു സാങ്കല്‍പിക കഥ. പക്ഷെ പ്രണയിക്കുന്നതിന് കാരണങ്ങള്‍ നിരത്താന്‍ പലര്‍ക്കും കഴിയാറില്ലെന്നത് സത്യമാണ്. അത് മനസില്‍ തോന്നുന്ന ഒരു വികാരമാണ്, ഹൃദയത്തിനു മാത്രമെ പ്രണയത്തിന്‍റെ കാരണം അറിയാന്‍ കഴിയുകയുള്ളൂ. അതിനാല്‍ എന്തു കൊണ്ടാണ് നിങ്ങളെ ഒരാള്‍ പ്രണയിക്കുന്നതെന്ന് അറിയാന്‍ ശ്രമിക്കുന്നതിനു പകരം പ്രണയത്തിന്‍റെ ആത്മാര്‍ത്ഥതയെ തിരിച്ചറിയാനാണ് ശ്രമിക്കേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :