പ്രണയം തകര്‍ത്ത ഹൃദയങ്ങള്‍

ദിവീഷ് എം നായര്‍

WD
നാം എപ്പോഴും പ്രണയത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. അതിന്‍റെ വര്‍ണ ശബളിമയെ കുറിച്ച് സംസാരിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ പ്രണയം തകര്‍ത്തെറിഞ്ഞ ചില ഹൃദയങ്ങളെങ്കിലും നമ്മുക്ക് ചുറ്റുമില്ലെ? അവരുടെ ദു:ഖം അതനുഭവിച്ച ഒരാള്‍ക്കു മാത്രമെ മനസിലാക്കാന്‍ സാധിക്കു. പ്രണയം ഹൃദയത്തിനേല്‍‌പിച്ച മുറിവ് ഉണങ്ങാന്‍ കുറച്ചു സമയമെടുക്കും.

ശരിയായ രീതിയില്‍ അതിനെ നേരിട്ടാല്‍ ആ ദു:ഖത്തില്‍ നിന്ന് എളുപ്പം കരകേറാനാവും. നഷ്ടപ്പെടലുകള്‍ ഉണ്ടാക്കുന്ന വേദന പ്രകടിപ്പിക്കുന്നത് ഒരിക്കലും തെറ്റായ കാര്യമല്ല. പ്രണയ വേദനയാല്‍ നിങ്ങള്‍ക്ക് പൊട്ടിക്കരയാന്‍ തോന്നുന്നെങ്കില്‍ അങ്ങനെ ചെയ്യണം. കരഞ്ഞതു കൊണ്ട് നിങ്ങള്‍ ഒരിക്കലും ചെറുതാകുന്നുമില്ല. ദു:ഖം പ്രകടിപ്പിക്കാന്‍ മടിക്കുമ്പോഴാണ് പലപ്പോഴും അത് നമ്മുടെ മനസിനെ തന്നെ തകര്‍ത്തു കളയുന്നത്.

പ്രണയം നഷ്ടങ്ങള്‍ പല തരത്തിലാവാം. ചിലപ്പോള്‍ പരസ്പരം സ്നേഹിച്ച് ഒരിക്കലും പിരിയില്ലെന്ന് മനസില്‍ ഉറപ്പിച്ചിട്ടും രണ്ടു വഴിക്ക് സഞ്ചരിക്കേണ്ടി വരുന്നവര്‍. മനസിലെ മുഴുവന്‍ സ്നേഹവും നല്‍കാന്‍ തയാറായി പ്രണയിച്ചിട്ടും അത് നിരസിക്കപ്പെടുമ്പോള്‍ തകര്‍ന്നു പോവുന്നവര്‍. സ്വയം പിന്തിരിയേണ്ടി വരുന്ന അവ്സ്ഥ, കഠിനമായി ശ്രമിച്ചിട്ടും പ്രണയം നഷ്ടപ്പെട്ടു പോകുന്നവര്‍.....അങ്ങനെ പലതരത്തില്‍, പല സാഹചര്യങ്ങള്‍ എല്ലാം അവസാനം ചെന്നെത്തുന്നത് തീവ്രമായ മാനസിക വേദനയില്‍.

ഈ തകര്‍ച്ചയെ നേരിടാനാവാതെ തകര്‍ന്നു പോയ നിരവധി മനുഷ്യരുണ്ട്‍. മറ്റൊരാളെ ഇനി പ്രണയിക്കാനാവില്ലെന്നു പറഞ്ഞാണ് പലരും ആദ്യ പ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ ജീവിക്കാന്‍ തയാറാവുന്നത്. ചിലര്‍ ജീവിതം മുഴുവന്‍ ഏകരായി തുടരും. ചിലര്‍ ദു:ഖം താങ്ങാനാകാതെ ജീവിതം തന്നെ ഉപേക്ഷിക്കുന്നു. പ്രണയനഷ്ടം പലരിലും പല തരത്തിലാണ് ബാധിക്കാറ്.

എന്നാല്‍ ഈ തകര്‍ച്ചയെ ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടാനുള്ള ഇന്ധന്മാക്കിയവരും ഇല്ലാതില്ല. അങ്ങനെയാവണ്ടെ നമ്മള്‍. വിഷമത്തില്‍ നിന്ന് പെട്ടെന്ന് കരകേറാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. പക്ഷെ വരദാനമായി കിട്ടിയ മനുഷ്യ ജന്‍‌മത്തെ ഒരു ദുരന്തമാ‍ക്കി മാറ്റാതിരുന്നു കുടെ. ചിന്തിക്കണം. എന്തു കൊണ്ട് ഈ നഷ്ടപ്പെടല്‍ സംഭവിച്ചുവെന്ന്. അല്ലെങ്കില്‍ എന്തുകൊണ്ട് തന്‍റെ പ്രണയം നിഷേധിക്കപ്പെട്ടൂവെന്ന്. തീര്‍ച്ചയായും കാരണങ്ങള്‍ കണ്ടെത്താനാവും. ആ കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അതിനെ മറിക്കടക്കാന്‍ നമുക്കാവും.

നഷ്ടപ്പെട്ട സ്നേഹം മറ്റൊരാളില്‍ നിന്ന് ലഭിച്ചാല്‍ പ്രണയം ഹൃദയത്തില്‍ തീര്‍ത്ത വേദന മെല്ലെ മെല്ലെ മാറി തുടങ്ങും. അതായത് പ്രണയനഷ്ടം തീര്‍ത്ത വേദന ചിലപ്പോള്‍ നയിക്കുന്നത് മറ്റൊരു പ്രണയത്തിലേക്കായിരിക്കും. ചിലര്‍ക്ക് പെട്ടെന്നുള്ള ആഘാതത്തില്‍ നിന്ന് കരകയറിയാല്‍ നഷ്ടപെടലിനെ പ്രായോഗികമായി വിലയിരുത്തി തികച്ചും സമാധാനപരമായ മാനസികാവസ്ഥയോടെ ജീവിതം തുടരാന്‍ കഴിയും. അവരില്‍ ചിലര്‍ക്ക് പ്രണയം എന്ന വാക്കിനോട് പോലും പിന്നീട് പുച്ഛം തോന്നാം.

WEBDUNIA|
ഇത്രയും പറഞ്ഞ സ്ഥിതിക്ക് മറ്റൊന്നു കൂടി സൂചിപ്പിച്ചോട്ടെ.. .ഇപ്പോഴത്തെ യുവതലമുറയുടെ ഹൃദയങ്ങളെ പ്രണയം വേദനിപ്പിക്കാറുണ്ടൊ സംശയമുണ്ട്. കാരണം ഇന്നത്തെ പ്രണയം ഫാഷനും സമയം പോക്കുമായി മാറിയല്ലോ. അതിനാല്‍ മേല്പറഞ്ഞതെല്ലാം ആത്മാര്‍ഥമായി പ്രണയിച്ചവരെ മാത്രം ഉദ്ദേശിച്ചാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :